ടോംഗയെ വിഴുങ്ങിയ സുനാമിത്തിരകളെ തോല്‍പ്പിച്ച് ജീവന്‍ കൈവിടാതെ കടലില്‍ 26 മണിക്കൂര്‍; അത്ഭുതമായി ഫൊളാവു

ടോംഗയെ വിഴുങ്ങിയ സുനാമിത്തിരകളെ തോല്‍പ്പിച്ച് ജീവന്‍ കൈവിടാതെ കടലില്‍ 26 മണിക്കൂര്‍; അത്ഭുതമായി ഫൊളാവു


വെല്ലിംഗ്ടണ്‍(ന്യൂസിലാന്‍ഡ്):ടോംഗ ദ്വീപുകളെ വിഴുങ്ങിയ സുനാമിത്തിരകളില്‍ പെട്ട് ആഴക്കടലിലെ മരണച്ചുഴികള്‍ താണ്ടി വെള്ളത്തില്‍ പൊന്തിക്കിടന്നും നീന്തിയും കടന്നുപോയത് 26 മണിക്കൂര്‍; ഒടുവില്‍ രണ്ടാം ജന്മത്തിലേക്കെന്നതുപോലെ കരയണഞ്ഞതിന്റെ കഥ പങ്കുവച്ച് 57 കാരന്‍ ലിസാല ഫൊളാവു.

കടലിലെ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ അനുബന്ധമായുണ്ടായ സുനാമിയുടെ രോഷ താണ്ഡവത്തില്‍ കനത്ത നാശത്തിലൂടെ കടന്നുപോയ ദ്വീപ സമൂഹങ്ങളുടെ അതിജീവന വാഞ്ഛ ആളിക്കത്തിക്കാന്‍ പോന്ന കഥയാണ് ലിസാല െേഫാളാവു വിവരിച്ചു പറയുന്നതെന്ന് ന്യൂസിലാന്‍ഡിന്റെ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ പീറ്റര്‍ ലണ്ട് ടോംഗയില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ദുരന്തത്തോടെ കടലിലെ കേബിള്‍ മുറിഞ്ഞതുമൂലം ആശയവിനിമയ സംവിധാനം തകരാറിലാണ് ദ്വീപുകളില്‍.

ആശാരിപ്പണി ചെയ്ത് ജീവിച്ചുവന്ന ലിസാല ഫൊളാവുവിനെ സ്‌നേഹപൂര്‍വ്വം 'അക്വാമാന്‍' എന്ന് വിളിച്ചുതുടങ്ങി നാട്ടുകാര്‍.ടോംഗയുടെ ബ്രോഡ്കോം ബ്രോഡ്കാസ്റ്റിംഗിന് നല്‍കിയ അഭിമുഖത്തിലാണ് അതിദാരുണവും അത്ഭുതകരവുമായ തന്റെ അതിജീവനകഥ അദ്ദേഹം നാട്ടുകാരെ അറിയിച്ചത്. വൈകുന്നേരം 7 മണിയോടെയാണ് അറ്റാറ്റ ദ്വീപിലെ വീട്ടില്‍ നിന്ന് താന്‍ കടലിലേക്ക് ഒഴുകിപ്പോയതെന്ന് ഫൊളാവു പറഞ്ഞു. രാത്രിമുഴുവന്‍ നീന്തിയ ശേഷം രാവിലെ മനുഷ്യവാസമില്ലാത്തൊരു ചെറുദ്വീപിലടിഞ്ഞു.

അവിടെ നിന്ന്, എട്ട് മണിക്കൂര്‍ മറ്റൊരു വിജന ദ്വീപിലേക്ക് ഒഴുകുകയോ നീന്തുകയോ ചെയ്തുവെന്നും ഫൊളാവു പറഞ്ഞു. ഒടുവില്‍ ടോംഗടാപു എന്ന പ്രധാന ദ്വീപിലേക്ക് നീന്താന്‍ തുടങ്ങി. മൊത്തം 7.5 കിലോമീറ്ററിലധികം കടല്‍ യാത്ര, കൈകാലുകളാല്‍ മാത്രം.വേണ്ടിവന്നത് 26 മണിക്കൂര്‍.

സുനാമിയുടെ പിറ്റേന്ന് ഞായറാഴ്ച ടോംഗന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള തന്റെ ആദ്യത്തെ ബ്രീഫിംഗ് വേളയില്‍ അവര്‍ അറിയിച്ചിരുന്നു അറ്റാറ്റ ദ്വീപില്‍ നിന്ന് ഒരാളെ കാണാതായെന്ന്- ലണ്ട് പറഞ്ഞു.'അവര്‍ ഇക്കാര്യത്തില്‍ ഒട്ടും ശുഭാപ്തിവിശ്വാസമല്ല പുലര്‍ത്തിയത്'.
എന്തായാലും ഫൊളാവുവിന്റെ തിരിച്ചുവരവോടെ, ദ്വീപില്‍ നിന്ന് ആരെയും കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കണക്കുകള്‍ വൈകാതെ പുതുക്കാന്‍ കഴിഞ്ഞു.

മരണത്തിരകള്‍ മുറിച്ച് ജീവിതത്തിലേക്കു നീന്തുന്നതിനിടെയുള്ള അനുഭവങ്ങള്‍ ബ്രിട്ടനിലെ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫൊളാവു വിവരിച്ചു.'ഏറ്റവും ഭയാനകമായ ഓര്‍മ്മ തിരമാലകള്‍ എന്നെ കരയില്‍ നിന്ന് കടലിലേക്ക് കൊണ്ടുപോയതു തന്നെ. കടലിലെ നിസ്സഹായാവസ്ഥയില്‍ മനസ്സിലേക്കു വന്നത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന്, എനിക്ക് അപ്പോഴും ദൈവത്തില്‍ വിശ്വസിക്കാന്‍ ആകുന്നുവെന്നത്. രണ്ട്, എന്റെ കുടുംബം. ഞാന്‍ മരിച്ചുവെന്നറിയുന്ന നിമിഷത്തെ കുടുംബം എങ്ങനെ നേരിടുമെന്ന ആശങ്ക മനസില്‍ നിറഞ്ഞുനിന്നു.' തന്നോടൊപ്പം തിരയില്‍ പെട്ട ബന്ധുവിനെപ്പറ്റിയും ആധിയുണ്ടായിരുന്നു. രോഗഗ്രസ്തരായ സഹോദരിയെപ്പറ്റിയും ഇളയ മകളെപ്പറ്റിയും ഓര്‍ത്തും സങ്കടപ്പെട്ടു.


അറുപതോളം മാത്രം ജനസംഖ്യയുള്ളതാണ് ഫൊളാവു താമസിക്കുന്ന ചെറു ദ്വീപ്. അങ്ങോട്ട് സുനാമി തിരമാല വരുന്നതായി സഹോദരന്‍ പറഞ്ഞപ്പോള്‍ താന്‍ വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നുവെന്ന് ഫോളാവു പറഞ്ഞു. താഴേക്കിറങ്ങി നോക്കുന്നതിനിടെയാണ് കൂറ്റന്‍ തിരമാല വിഴുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും തിരമാലയില്‍ പെട്ടു.

ഫൊളാവുവിന്റെ മകന്‍ കോലി അടുത്ത ദിവസം പിതാവിനെ അറ്റാറ്റയില്‍ ഉടനീളം അന്വേഷിച്ചുനടന്നു. അതിനിടെ അവന്‍ ഒരു വീഡിയോ ചിത്രീകരിച്ചു. ഗ്രാമവാസികളില്‍ പലരും അഭയം പ്രാപിച്ച ഒരു പള്ളിയല്ലാതെ മറ്റൊന്നും ദ്വീപില്‍ അവശേഷിക്കുന്നില്ലെന്ന് ആ വീഡിയോ വ്യക്തമാക്കി. ഫൊളാവുവിന്റെ മറ്റ് കുടുംബാംഗങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്തകളിലില്ല.എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍ പിന്നീട് പിതാവിനെ തിരികെ കിട്ടിയ ആശ്വാസത്തില്‍ വികാരഭരിതമായ ഒരു കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.


.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.