ഭർത്താവിന്റെ വിലയേറിയ സമ്മാനം

ഭർത്താവിന്റെ വിലയേറിയ സമ്മാനം

ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ഒരു അക്രൈസ്തവ യുവതിയുടെ അനുഭവമാണിത്. അവരുടേത് പ്രേമ വിവാഹമായിരുന്നു. വിവാഹത്തിന് മുമ്പുതന്നെ അവൾ മാമ്മോദീസ സ്വീകരിച്ചു.വിവാഹ ശേഷം ക്രിസ്തീയ പ്രാർത്ഥനകളും വിശ്വാസ രീതികളുമായ് വേഗം പൊരുത്തപ്പെട്ടു. കുടുംബ ജീവിതം ആരംഭിച്ച് അധിക നാൾ കഴിയുന്നതിനുമുമ്പേ ഭർത്താവ് രോഗിയായി.കട്ടിലിൽ തന്നെ ജീവിതം തള്ളിനീക്കിയ അദ്ദേഹത്തെ സ്നേഹപൂർവ്വം അവൾ ശുശ്രൂഷിച്ചു പോന്നു. ഒരു പതിറ്റാണ്ടിലേറെ നീണ്ടു നിന്നില്ല അവരുടെ ദാമ്പത്യം. അദ്ദേഹത്തിന്റെ മരണം അവളെ വല്ലാതെ ഒറ്റപ്പെടുത്തി.പ്രണയ വിവാഹത്തിന്റെ പേരിൽ വീട്ടുകാരുടെ പിന്തുണയും കുറവായിരുന്നു. രണ്ടു മക്കളുമായുള്ള ജീവിത മുന്നേറ്റത്തിൽ കണ്ണീർക്കയങ്ങൾ ഏറെ താണ്ടേണ്ടി വന്നു. ഒരിക്കൽ ആ സ്ത്രീ എന്നോട് ഇങ്ങനെ പങ്കുവച്ചു: "വിവാഹത്തിനു മുമ്പേ എന്റെ ജീവിത പങ്കാളി രോഗിയായിരുന്നു. അദ്ദേഹത്തിന് ഒരു കൂട്ട് എന്ന ആഗ്രഹമാണ് വിവാഹത്തിലേക്ക് നയിച്ചത്. എന്റെ ഭർത്താവ് എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം എന്തെന്ന് ചോദിച്ചാൽ, അത് യേശുക്രിസ്തുവും കത്തോലിക്കാ വിശ്വാസവുമാണെന്നേ ഞാൻ പറയൂ.വിധവയായ് ജീവിതം തുടരുന്ന എനിക്ക്, പരിശുദ്ധ കുർബാനയിലൂടെയും ജപമാലയിലൂടെയും ദൈവ വചനത്തിലൂടെയുമെല്ലാം ലഭിക്കുന്ന കരുത്ത് എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല...." ഇവരുടെ വാക്കുകൾ എന്നെ ലജ്ജിതനാക്കി. ഈ സ്ത്രീ സ്വന്തമാക്കിയതുപോലുള്ള വിശ്വാസ ദൃഢത സ്വന്തമാക്കിയിട്ടുണ്ടോ എന്ന് ഞാൻ സ്വയം ചോദിച്ചു. ഇവിടെയാണ് സമരിയാക്കാരി സ്ത്രീയുടെ കഥയിലെ അവസാന ഭാഗം ചിന്തനീയമാകുന്നത്.അവളുടെ ജീവിതത്തിൽ നടന്നതെല്ലാം അവളോട് തുറന്നു പറഞ്ഞ ക്രിസ്തുവിനെ അവൾ കണ്ടെത്തി. ആ വാക്കുകേട്ട് ധാരാളം പേർ ക്രിസ്തുവിൽ വിശ്വസിച്ചു. ആ വിശ്വാസം ദൃഢപ്പെട്ടത് ഈ വാക്കുകളിലൂടെയാണ്: "അവര്‍ ആ സ്‌ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍ തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാര്‍ഥത്തില്‍ ലോക രക്‌ഷകന്‍ എന്ന്‌ മനസ്‌സിലാക്കുകയും ചെയ്‌തിരിക്കുന്നു" (യോഹന്നാന്‍ 4 : 42). ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്ന എല്ലാവരും ക്രിസ്തു എത്രമാത്രം അവരിൽ വേരൂന്നി എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. ജീവിത യാത്രയിൽ പതറിപ്പോകാനും വീണു പോകാനും കാരണം ക്രിസ്തുവിലുള്ള വേരോട്ടം കുറഞ്ഞു പോകുന്നതാണെന്ന സത്യം മറക്കാതിരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26