കാന്‍ബറ: ഏതു നിമിഷവും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉക്രെയ്നിലെ ഓസ്ട്രേലിയന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍. പൗരന്മാര്‍ ഉക്രെയ്നില്‍ സന്ദര്‍ശനം നടത്തരുതെന്നും ഓസ്ട്രേലിയ ആവശ്യപ്പെട്ടു.
ഉക്രെയ്നില്‍ റഷ്യന്‍ സൈനികനീക്കം സംഭവിച്ചാല്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരെ രക്ഷപെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് മുന്നറിയിപ്പെന്ന നിലയ്ക്കാണ് പൗരന്മാരോട് തിരികെ വരാന്‍ പറഞ്ഞതെന്ന് വിദേശകാര്യ, വ്യാപാര വകുപ്പ് വക്താവ് പറഞ്ഞു.
ഉക്രെയ്ന്‍-റഷ്യന്‍ അതിര്‍ത്തിയില്‍ ഏകദേശം ഒരു ലക്ഷം റഷ്യന്‍ സൈനികര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരകമായ 90 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ റഷ്യന്‍ അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം, ഉക്രെയ്ന്‍ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റഷ്യ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.
'സാധാരണ യാത്രാ മാര്‍ഗങ്ങളിലൂടെ ഉക്രെയ്നിലെ ഓസ്ട്രേലിയക്കാര്‍ ഇപ്പോള്‍ തന്നെ അവിടം വിട്ട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്കു നീങ്ങണം. വിമാന സര്‍വീസുകളില്‍ ഏതു നിമിഷവും മാറ്റം വരുത്താം. അല്ലെങ്കില്‍ ഹ്രസ്വമായ നോട്ടീസില്‍ താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചേക്കാമെന്നും അതിനാല്‍ കരുതിയിരിക്കണമെന്നും വക്താവ് പറഞ്ഞു.
'ഉക്രെയ്‌നിലെ സുരക്ഷാ സാഹചര്യങ്ങള്‍ ഏതു നിമിഷവും മാറാം. പൗരന്മാര്‍ക്ക് സഹായമെത്തിക്കാനുള്ള കോണ്‍സുേലറ്റിന്റെ ശ്രമങ്ങള്‍ അവിടുത്തെ പ്രതികൂല സാഹചര്യങ്ങള്‍ കാരണം തടസപ്പെട്ടേക്കാം. ഉക്രെയ്‌നില്‍ തുടരാന്‍ തീരുമാനിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ അവരുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനത്ത് അഭയം തേടാനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
ഓസ്ട്രേലിയന്‍ നയതന്ത്ര പ്രതിനിധികളുടെ കുടുംബാംഗങ്ങളെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പുറത്തുകടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അത്യാവശ്യ ജോലികള്‍ക്കായുള്ള ജീവനക്കാര്‍ മാത്രമാണ് ഓസ്ട്രേലിയന്‍ എംബസിയില്‍ തുടരുന്നത്. കീവിലെ എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.
ഉക്രെയ്‌നിലെ യു.എസ് എംബസിയിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബാംഗങ്ങളോട് രാജ്യം വിടാന്‍ അമേരിക്കയും നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, തങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ കുടുംബാംഗങ്ങളെ രാജ്യത്തു നിന്ന് പിന്‍വലിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു. തങ്ങള്‍ക്കു രാജ്യം വിടാന്‍ പ്രത്യേക കാരണങ്ങളൊന്നും നിലവില്‍ ഇല്ലെന്ന് ജോസെപ് ബോറെല്‍ പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങളെ തടയാന്‍ ഉക്രെയ്ന് കൂടുതല്‍ സാങ്കേതിക സഹായം നല്‍കുമെന്ന സൂചനയും ഓസ്ട്രേലിയ നല്‍കി.
ഉക്രെയ്ന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ വലിയൊരു സൈബര്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നോട് സഹായം അഭ്യര്‍ത്ഥിച്ചതായി കഴിഞ്ഞ ആഴ്ച ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വെളിപ്പെടുത്തിയിരുന്നു. സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഓസ്ട്രേലിയയുടെ സൈബര്‍ അഫയേഴ്സ് അംബാസഡര്‍ ടോബിയാസ് ഫെക്കിനിനോട് മന്ത്രി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26