കാന്‍ബറ: ചൈനീസ് നിയന്ത്രണത്തിലുള്ള സമൂഹ മാധ്യമമായ വീചാറ്റിലെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് പേരു മാറ്റി. ഈ മാസമാദ്യമാണ് അട്ടിമറിയുണ്ടായത്. 'ഓസ്ട്രേലിയന്‍ ചൈനീസ് ന്യൂ ലൈഫ്' എന്നാണ് പേരു മാറ്റിയിരിക്കുന്നത്. പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പടവും മാറ്റി. 76,000 ഫോളോവേഴ്‌സാണ് അക്കൗണ്ടിനുള്ളത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയാതെയാണ് ഈ നീക്കമുണ്ടായത്. അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
ചൈനീസ് സര്‍ക്കാര്‍ ഓസ്‌ട്രേലിയയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അനധികൃതമായി ഇടപെടുന്നുവെന്ന് ഭരണ-പ്രതിപക്ഷ എം.പിമാര്‍ സംഭവം ചൂണ്ടിക്കാട്ടി ആരോപിച്ചു.
അക്കൗണ്ടിലെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചൈനയില്‍നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ടിപ്‌സുകള്‍ നല്‍കാമെന്ന് അക്കൗണ്ടില്‍ വാഗ്ദാനം ചെയ്യുന്നു. 'വീചാറ്റ് അക്കൗണ്ടിലുള്ള നിങ്ങളുടെ തുടര്‍ച്ചയായ താല്‍പ്പര്യത്തിന് നന്ദി. നിങ്ങള്‍ മുമ്പ് പിന്തുടര്‍ന്നുവന്ന വീചാറ്റിലെ സ്‌കോട്ട് മോറിസണ്‍ അക്കൗണ്ട് അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ പുതിയ അക്കൗണ്ടിലേക്ക് മാറ്റിയതായി ഒരു പോസ്റ്റില്‍ പറയുന്നു.
ചൈനീസ് സര്‍ക്കാരിന്റെ വിദേശ ഇടപെടലിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സഖ്യകക്ഷി എംപിയും പാര്‍ലമെന്ററി ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാനുമായ ജെയിംസ് പാറ്റേഴ്സണ്‍ കുറ്റപ്പെടുത്തി.
സ്‌കോട്ട് മോറിസണ്‍ 2019-ലാണ് വീചാറ്റില്‍ അക്കൗണ്ട് ആരംഭിച്ചത്. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വീചാറ്റ്. ഇതിലൂടെ ചൈനീസ് സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തെ നിരീക്ഷിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാന്‍ വീചാറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷം കടുത്ത ആശങ്കയിലാണെന്നും സര്‍ക്കാരില്‍നിന്നു വിശദീകരണം തേടുമെന്നും ഫെഡറല്‍ ലേബര്‍ എംപി മാര്‍ക്ക് ബട്ട്ലര്‍ പറഞ്ഞു.
വരുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വീചാറ്റ് മെസേജിംഗ് ആപ്പ് ഉപയോഗിക്കില്ലെന്ന് ലിബറല്‍ എംപിമാര്‍ പറഞ്ഞു. ഓസ്‌ട്രേലിയയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും എല്ലാ രാഷ്ട്രീയക്കാരും ഈ വിഷയം വളരെ ഗൗരവമായി കാണണമെന്നും അവര്‍ പറഞ്ഞു. എന്താണു സംഭവിച്ചതെന്ന് വീചാറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം സ്വയം വിശദീകരിക്കുന്നത് വരെ ആശയവിനിമയം നടത്താന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കില്ലെന്ന് പല എംപിമാരും വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫിസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഹാക്കിങ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വീചാറ്റ് വിശദീകരിച്ചത്. തങ്ങള്‍ക്കു ലഭിച്ച വിവരം അനുസരിച്ച് അക്കൗണ്ട് ഉടമസ്ഥത സംബന്ധിച്ച തര്‍ക്കമാണെന്നു കരുതുന്നതായി കമ്പനി വക്താക്കള്‍ അറിയിച്ചു.
അതിനിടെ, കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്‌കോട്ട് മോറിസന്റെ അക്കൗണ്ട് താന്‍ വാങ്ങിയതായി പുതിയ ഉടമ ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സിയോട് വെളിപ്പെടുത്തി.
വീചാറ്റില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ ഒരു ചൈനീസ് പൗരന്റെ ഐഡി നല്‍കണം. അല്ലെങ്കില്‍ ചൈനയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ബിസിനസുമായി അക്കൗണ്ട് ബന്ധിപ്പിക്കണം. അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു ചൈനീസ് ഏജന്‍സിയെയാണ് നിയോഗിച്ചത്. ഏജന്‍സി ഒരു ചൈനീസ് പൗരന്റെ പേരിലാണ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അതിന്റെ നിലവിലെ ഓപ്പറേറ്ററായ ടെക്നോളജി സര്‍വീസസ് കമ്പനിയുടെ പേരിലേക്കു മാറ്റുകയായിരുന്നുവെന്ന് ടെന്‍സെന്റ് വക്താവ് പറഞ്ഞു.
2021 ഒക്ടോബര്‍ 28-നാണ് Fuzhou 985 Technology Co., Ltd എന്ന കമ്പനി ഓസ്ട്രേലിയന്‍ ചൈനീസ് ന്യൂ ലൈഫ്' എന്ന പേരില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോള്‍ അക്കൗണ്ട് നിയന്ത്രിക്കുന്ന Fuzhou 985 കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഹുവാങ് ഐപെംഗ്, താന്‍ കഴിഞ്ഞ നവംബറില്‍ അക്കൗണ്ട് അതിന്റെ യഥാര്‍ത്ഥ ഉടമയായ ചൈനീസ് പൗരനില്‍ നിന്നാണു വാങ്ങിയതെന്ന് എ.ബി.സിയോട് വെളിപ്പെടുത്തി.
ധാരാളം അനുയായികളുള്ള ഒരു പ്ലാറ്റ്ഫോം ആഗ്രഹിച്ചതിനാലാണ് താന്‍ ഈ അക്കൗണ്ട് വാങ്ങിയതെന്നും ഇടപാടിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും ഹുവാങ് ഐപെംഗ് വാദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.