പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക് മക്‌ഗോവനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ച പെര്‍ത്ത് സ്വദേശിയായ യുവാവിന് 3,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2,24,410 ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. അര്‍മഡേല്‍ മജിസ്ട്രേറ്റ് കോടതിയാണ് സെയ്വിയര്‍ ടാമര്‍ റോസ് എന്ന യുവാവിന് പിഴ ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടു യുവാക്കള്‍ക്കെതിരായ വിചാരണ കോടതിയില്‍ നടന്നുവരികയായിരുന്നു.
മാക്‌സ്വെല്‍ ഐക്ക് സിസിര്‍ (19), സെയ്വിയര്‍ ടാമര്‍ റോസ് (20) എന്നിവരാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മാര്‍ക്ക് മക്‌ഗോവന്റെ റോക്കിംഗ്ഹാമിലെ വീട്ടിലേക്കു ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് ഇരുവരെയും പിടികൂടിയിരുന്നു. പ്രീമിയറുടെയും ഭാര്യയുടെയും മക്കളുടെയും ശിരഛേദം ചെയ്യുമെന്നത് ഉള്‍പ്പെടെ, നിരവധി ഭീഷണി സന്ദേശങ്ങളാണ് അക്കാലത്ത് ലഭിച്ചത്. സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരേയായിരുന്നു സന്ദേശങ്ങള്‍.
ശിരഛേദം ചെയ്യുമെന്നുള്ള സന്ദേശത്തിനു പിന്നില്‍ സെയ്വിയര്‍ റോസല്ലെന്നു കോടതി കണ്ടെത്തി. എന്നാല്‍ പ്രതി അയച്ച ഒരു സന്ദേശം പ്രീമിയറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധമുള്ളതായിരുന്നു. 'ആരും നിങ്ങളെ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ ഒരു തെമ്മാടിക്കുഴിയില്‍ മരിക്കാന്‍ അര്‍ഹനാണ് തുടങ്ങിയ സന്ദേശങ്ങളാണ് സെയ്വിയര്‍ അയച്ചത്. സന്ദേശങ്ങളുടെ ഉള്ളടക്കം വളരെ മോശമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
തന്റെ കക്ഷിയുടെ പരാമര്‍ശങ്ങള്‍ 'വിഡ്ഢിത്തം' നിറഞ്ഞതായിരുന്നുവെന്ന് സെയ്വിയര്‍ റോസിന്റെ അഭിഭാഷകന്‍ മൈക്കല്‍ ടുഡോറി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ഏറെ നിരാശനായിരുന്നു. യുവാവും സുഹൃത്തും ചേര്‍ന്ന് അമിതമായി മദ്യപിച്ചതാണ് സംഭവത്തിനു കാരണമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
സെയ്വിയര്‍ റോസ് വാക്സിന്‍ വിരുദ്ധന്‍ അല്ലെന്നും ഡോസ് സ്വീകരിച്ച സുഹൃത്തുക്കള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതാണ് യുവാവിന്റെ ആശങ്കയ്ക്കു കാരണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, കോവിഡ് വാക്സിനെടുത്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണം.
20 വയസുകാരനായ പ്രതിയുടെ പക്വതയില്ലായ്മയാണ് സംഭവത്തിനു കാരണമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. യുവാവ് പിന്നീട് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തു. പ്രതിയുടെ പ്രായക്കുറവും കുറ്റസമ്മതം നടത്തിയതും പരിഗണിച്ചാണ് പിഴശിക്ഷ മാത്രമായി ചുരുക്കിയത്.
ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകളുടെ പേരില്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
സെയ്വിയറിന്റെ കൂട്ടുപ്രതി മാക്സ്വെല്‍ ഐക്ക് സിര്‍, താന്‍ സംഭവത്തില്‍ നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞു. ഈ കേസ് ഫെബ്രുവരി എട്ടിന് വാദം കേള്‍ക്കും.
കോവിഡ് പ്രതിരോധ നടപടികളോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ആദ്യം പ്രീമിയറുടെ മൊബൈല്‍ നമ്പര്‍ പരസ്യമാക്കിയിരുന്നു. ഇതാണ് സംഭവത്തിലേക്കു നയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26