ഒമിക്രോണിനെതിരായ പുതിയ വാക്സിന്റെ ട്രയലിന് തയ്യാറെടുത്ത് ഫൈസറും ബയോഎന്‍ടെക്കും

ഒമിക്രോണിനെതിരായ പുതിയ വാക്സിന്റെ ട്രയലിന് തയ്യാറെടുത്ത് ഫൈസറും ബയോഎന്‍ടെക്കും


വാഷിംഗ്ടണ്‍: ഒമിക്രോണിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനു തയ്യാറാക്കിയ പുതിയ വാക്സിന്റെ സുരക്ഷയും രോഗ പ്രതിരോധ പ്രതികരണവും പരിശോധിക്കുന്ന ക്ലിനിക്കല്‍ ട്രയലിനുള്ള തയ്യാറെടുപ്പുമായി ഫൈസറും ബയോഎന്‍ടെക്കും. ഇതിനായി 18 നും 55 നും ഇടയില്‍ പ്രായമുള്ള 1420 പേരെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നതായി കമ്പനികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

മാര്‍ച്ചോടെ പുതിയ വാക്സിന്റെ അംഗീകാരത്തിനുള്ള ഫയലിംഗ് നടത്താന്‍ കഴിഞ്ഞേക്കുമെന്ന് ഫൈസറിന്റെ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിലവിലുള്ള കോവിഡ് വാക്സിന്‍ ബൂസ്റ്ററുകള്‍ ഒമിക്രോണിന്റെ ഗുരുതര പ്രത്യാഘാതങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നത് തുടരുന്നതായി ഡാറ്റയുണ്ടെങ്കിലും കമ്പനി ഇക്കാര്യത്തില്‍ കൂടുതല്‍ ഫലം തേടുകയാണെന്ന് കമ്പനിയുടെ വാക്സിന്‍ റിസര്‍ച്ച് മേധാവി കാത്രിന്‍ ജാന്‍സെന്‍ പറഞ്ഞു.'കാലക്രമേണ ഈ സംരക്ഷണം കുറയുന്ന സാഹചര്യത്തില്‍ അടുത്തതു കണ്ടെത്തേണ്ട ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നു. ഇത് ഭാവിയില്‍ ഒമിക്രോണിനെയും പുതിയ വകഭേദങ്ങളെയും അഭിസംബോധന ചെയ്യാന്‍ സഹായിക്കും.'

കോവിഡിനെതിരെ നിലവില്‍ വന്ന സൗമ്യവും മിതമായതുമായ വാക്‌സിനുകളുടെ സംരക്ഷണം ഒമിക്രോണിന്റെ കാര്യത്തില്‍ കൂടുതല്‍ വേഗത്തില്‍ ക്ഷയിച്ചതായി ജര്‍മ്മന്‍ ബയോടെക് കമ്പനിയായ ബയോഎന്‍ടെക്കിന്റെ സിഇഒ ഉഗുര്‍ സാഹിന്‍ കൂട്ടിച്ചേര്‍ത്തു.'ജനിതക ഭേദം വന്ന വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഞങ്ങളുടെ ശാസ്ത്രാധിഷ്ഠിത സമീപനത്തിന്റെ ഭാഗമാണ് ഈ നീക്കം. മുമ്പത്തെ വേരിയന്റുകളിലെന്നതുപോലെ ഒമിക്രോണിനെതിരെ ശക്തമായ സംരക്ഷണമാണ് ലക്ഷ്യം. കൂടുതല്‍ ദൈര്‍ഘ്യമുള്ള പരിരക്ഷയും പ്രതീക്ഷിക്കുന്നു.'

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.