മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ രാഷ്ട്രീയ എതിരാളി തടവില്‍ കഴിയുന്ന അലക്‌സി നവാല്‍നിയെ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നവാല്‍നിയും അദ്ദേഹത്തിന്റെ പ്രധാന സഹായി ല്യൂബോവ് സോബോള്‍ ഉള്‍പ്പെടെ മറ്റ് നിരവധി സഹായികളും ഫെഡറല്‍ സര്‍വീസ് ഫോര്‍ ഫിനാന്‍ഷ്യല്‍ മോണിറ്ററിങ് സമാഹരിച്ച നിരോധിത വ്യക്തികളുടെ പട്ടികയിലുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. റഷ്യന്‍ ഭരണാധികാരികള്‍ പ്രതിപക്ഷത്തിനെതിരായ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
താലിബാനും ഇസ്ലാമിക് സ്റ്റേറ്റും ഉള്‍പ്പടെയുള്ള വിദേശ തീവ്രവാദ സംഘടനകളോടൊപ്പമാണ് നവാല്‍നിയെയും സഹപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവാല്‍നിയുടെ എട്ടു സഹായികളെയും തീവ്രവാദിയായി പ്രഖ്യാപിച്ചതായി അദ്ദേഹത്തിന്റെ ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. സംഘടനയെയും കഴിഞ്ഞ വര്‍ഷം തീവ്രവാദ ബന്ധങ്ങള്‍ ആരോപിച്ച് അടച്ചുപൂട്ടിയിരുന്നു.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ ജയിലിലടച്ചതും, അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഘടനകളെ നിയമവിരുദ്ധമാക്കിയതും ഉള്‍പ്പെടെ നിരവധി അടിച്ചമര്‍ത്തലുകള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായിരുന്നു.
2020 ഓഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വിഷബാധയേറ്റ അലക്സി നവാല്‍നി ആഴ്ചകളോളം ചികിത്സയിലായിരുന്നു. വിഷം കലര്‍ത്തി നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് അന്ന് ആരോപണം ഉയര്‍ന്നത്. തന്നെ കൊലപ്പെടുത്താന്‍ വ്‌ളാഡിമര്‍ പുടിന്‍ ആണ് ആളുകളെ ചുമതലപ്പെടുത്തിയതെന്നാണ് നവാല്‍നിയുടെ ആരോപണം. പിന്നീട് മോസ്‌കോയിലെത്തിയ ഇദ്ദേഹത്തെ തടവിലാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.