കഥകളി പ്രചാരക മിലേന സാല്‍വിനി പാരിസില്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോഡി

കഥകളി പ്രചാരക മിലേന സാല്‍വിനി പാരിസില്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോഡി


പാരിസ്:കലാമണ്ഡലത്തിലെ ആദ്യകാല വിദേശപഠിതാക്കളില്‍ പ്രമുഖയും കലാഗവേഷകയുമായ മിലേന സാല്‍വിനി (89) പാരിസില്‍ അന്തരിച്ചു.കഥകളിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2019 ല്‍ മിലേന സാല്‍വിനിയെ ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ചു.മിലേനയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി.

ഫ്രാന്‍സിലുടനീളം കഥകളിയെ കൂടുതല്‍ ജനകീയമാക്കാന്‍ മിലേന സാല്‍വിനി നിരവധി ശ്രമങ്ങള്‍ നടത്തി.1965 ല്‍ കഥകളി പഠിക്കാനായി ഫ്രാന്‍സില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ എത്തിയതാണ് മിലേന.പിന്നീട് ഭാരതീയ സംസ്‌ക്കാരത്തിലും കലകളിലും ആവേശം പൂണ്ട് ഭാരതീയശാസ്ത്രകലകളുടെ പരിപോഷകയും പ്രചാരകയുമാവുകയായിരുന്നു.'മിലേനയുടെ വിയോഗത്തില്‍ ഞാന്‍ വേദനിക്കുന്നു.അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ - നരേന്ദ്ര മോഡി കുറിച്ചു.

1967 ല്‍ പതിനേഴംഗ കഥകളിസംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രവീഥിയിലെ മാര്‍ഗ്ഗദര്‍ശകമായ നാഴികക്കല്ലായി മാറി.1975 ല്‍ മിലേനയും ജീവിതപങ്കാളിയായ റോജര്‍ ഫിലിപ്പ്‌സിയും ചേര്‍ന്ന് പാരിസില്‍ 'മണ്ഡപ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സസ് ' എന്ന വിദ്യാലയം സ്ഥാപിച്ച് കഥകളി തുടങ്ങിയ ശാസ്ത്രീയ കലകള്‍ പഠിപ്പിക്കുന്നതിന് നേതൃത്വം നല്‍കി വന്നു. ഈ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 1980 ലും 1999 ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടി കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.2001 ല്‍ കൂടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ മിലേനയുടെ കലാപ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.