കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു

കോഴിക്കോട് ഇരട്ട സ്ഫോടന കേസ്: തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ട് ഹൈക്കോടതി. എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഉത്തരവ്.

വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് ദേശീയ അന്വഷണ ഏജന്‍സിയും (എന്‍ഐഎ) ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടു ഹര്‍ജികളും പരിഗണിച്ചാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരുടെ വിധി.

2006 മാര്‍ച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്ഫോടനം നടന്നത്. 2009 ല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ ആയ നസീര്‍ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയാണ് ഇരട്ട സ്ഫോടനം നടത്തിയത് എന്നാണ് എന്‍ഐഎ കുറ്റപത്രം. രണ്ടാം മാറാട് കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സ്ഫോടനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.