ഉക്രെയ്ന്‍ സംഘര്‍ഷം; ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച; വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താന്‍ ധാരണ

ഉക്രെയ്ന്‍ സംഘര്‍ഷം; ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച; വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താന്‍ ധാരണ

രണ്ടാഴ്ചയ്ക്കുള്ളില്‍ ബര്‍ലിനില്‍ വീണ്ടും ചര്‍ച്ച നടത്തും
പാരിസ്: ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ശുഭസൂചനകള്‍ നല്‍കി ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനം. വിഷയത്തില്‍ റഷ്യ, ഉക്രെയ്ന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സംയുക്തമായി രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്താനാണു തീരുമാനം. പാരീസില്‍ ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെ എട്ടു മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇമ്മാനുവല്‍ മാക്രോണിന്റെ ഓഫീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യ, ഉക്രെയ്ന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്നുള്ള ഉന്നത പ്രതിനിധികളുടെ യോഗത്തില്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും വലിയ പുരോഗതിയൊന്നും ഉണ്ടായില്ലെന്നാണു സൂചന. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ പുതിയ ചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്താമെന്ന് തീരുമാനിച്ചത് സംഘര്‍ഷത്തില്‍ അയവു വരുത്തുമെന്ന പ്രതീക്ഷയിലാണ് സമാധാനകാംക്ഷികള്‍.

കിഴക്കന്‍ ഉക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചതോടെ മേഖലയില്‍ കടുത്ത സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.

ദീര്‍ഘകാല സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2015-ല്‍ റഷ്യയും ഉക്രെയ്‌നും ഒപ്പുവച്ച മിന്‍സ്‌ക് വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താനുള്ള ധാരണയിലാണ് ഇന്നലത്തെ ചര്‍ച്ച കേന്ദ്രീകരിച്ചത്.

ഉക്രെയിനില്‍ അധിനിവേശം നടത്തിയാല്‍ റഷ്യയ്ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.