അഡ്ലെയ്ഡ്: 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ഥന റോക്ക് സംഗീതത്തിലൂടെ അവതരിപ്പിച്ച് ലോക പ്രശസ്തയായ ഓസ്ട്രേലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ജാനറ്റ് മീഡ് (84) അന്തരിച്ചു. സംഗീത ലോകത്ത് ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും ജീവിതത്തിന്റെ ഭൂരിഭാഗവും ഭവനരഹിതരെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കാന്‍ നീക്കിവച്ച സിസ്റ്റര്‍ ജാനറ്റ് ഇന്നലെയാണു മരണത്തിനു കീഴടങ്ങിയത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അഡ്ലെയ്ഡ് കത്തോലിക്ക അതിരൂപതയാണ് മരണവിവരം അറിയിച്ചത്. സിസ്‌റ്റേഴ്‌സ് ഓഫ് മേഴ്‌സി സന്യാസ സഭാംഗമാണ്.
1974-ലാണ് സിസ്റ്റര്‍ ജാനറ്റ് മീഡ് 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' അഥവാ ദി ലോര്‍ഡ്‌സ് പ്രയര്‍ എന്ന പ്രാര്‍ഥനയ്ക്ക് റോക്ക് ട്യൂണില്‍ സംഗീതാവിഷ്‌കാരം നല്‍കി പുറത്തിറക്കിയത്. ഈ സംഗീതം അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമാവുകയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടുകയും ചെയ്തു. ഗാനത്തിന്റെ റിക്കോര്‍ഡുകള്‍ 31 രാജ്യങ്ങളില്‍ വിതരണം ചെയ്യുകയും ലോകമെമ്പാടും രണ്ടു ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കുകയും ചെയ്തു. സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാരത്തിനും സിസ്റ്റര്‍ ജാനറ്റ് മീഡ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
സൗത്ത് ഓസ്ട്രേലിയയില്‍ റോക്ക് മാസ് എന്ന ആശയത്തിനും അവര്‍ തുടക്കമിട്ടു, അഡ്ലെയ്ഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ ഈ ശുശ്രൂഷ പതിവായി നടത്തുന്നുണ്ട്.
റോക്ക് സംഗീതലോകത്ത് ആരും ആഗ്രഹിക്കുന്ന പ്രശസ്തിയും സമ്പത്തും സ്വന്തമാക്കിയപ്പോഴും ഭവനരഹിതരെ സഹായിക്കുന്നതിനും പഠിപ്പിക്കുന്നതിനുമാണ് സിസ്റ്റര്‍ ജീവിതം സമര്‍പ്പിച്ചത്. തന്റെ റിക്കോര്‍ഡുകള്‍ വിറ്റഴിച്ചതിലൂടെ ലഭിച്ച മുഴുവന്‍ റോയല്‍റ്റിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.
റോക്ക് സംഗീത ലോകത്ത് ഹിറ്റ് ചാര്‍ട്ടുകളില്‍ തുടരുമ്പോഴും സെന്റ് അലോഷ്യസ് കോളജില്‍ അധ്യാപികയായി തുടരാനാണ് സിസ്റ്റര്‍ ജാനറ്റ് മീഡ് ആഗ്രഹിച്ചത്. ടിവി അഭിമുഖങ്ങളോടും സിനിമകളില്‍നിന്നുള്ള ഓഫറുകളോടും അവര്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. യുഎസ് പര്യടനങ്ങള്‍ക്കുള്ള ക്ഷണവും നിരസിച്ചു.
പതിറ്റാണ്ടുകളായി ഭവനരഹിതരെ പരിചരിച്ചതിന് സിസ്റ്റര്‍ ജാനറ്റിനെ 2004-ല്‍ സൗത്ത് ഓസ്ട്രേലിയന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.