നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നറിയുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അപ്രതീക്ഷിത നീക്കവുമായി പ്രോസിക്യൂഷന്‍. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രോസിക്യൂഷന്‍ പ്രത്യേകം അപേക്ഷ നല്‍കി. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ജാമ്യഹര്‍ജി പരിഗണിക്കും.
ഇതിനിടെ ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നറിയുന്നു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാനാണ് ഹൈക്കോടതി മാറ്റിവെച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്. തങ്ങള്‍ക്ക് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശലകനം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ സാവകാശം തേടിയത്.
ഇതേത്തുടര്‍ന്ന് അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കാനും അന്നുവരെ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ഗൂഢാലോചന തെളിയിക്കുന്നതിനായി പഴയ ഫോണുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദിലീപ് അടക്കമുള്ള പ്രതികള്‍ കൈമാറിയിരുന്നില്ല. ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയെന്നാണ് ദിലീപ് അറിയിച്ചത്.
ഗൂഢാലോചന കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അത് കണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്നും സ്വന്തം നിലയില്‍ സൈബര്‍ പരിശോധന നടത്തി ഫലം കോടതിയ്ക്ക് കൈമാറാമെന്നും ദിലീപ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.