തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ പുതിയ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2019ല്‍ എഴുതിയ ലേഖനത്തില്‍ പല്ലും നഖവുമുള്ള കാവല്‍ നായയാണ് ലോകായുക്ത എന്നാണ് മുഖ്യമന്ത്രി നിയമത്തെക്കുറിച്ച് പറഞ്ഞന്നത്. എന്നാല്‍ 2022ല്‍ തനിക്കെതിരേ കേസ് വന്നപ്പോള്‍ ഇതിന് മാറ്റമുണ്ടായെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അധികാരം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഫെബ്രുവരി നാലിന് മുഖ്യമന്ത്രിക്കെതിരായ കേസും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരായ കേസും ലോകായുക്തയില്‍ വരികയാണ്. അതിന് മുന്‍പായി 22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി വരുത്താനുള്ള നീക്കം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
22 വര്‍ഷമായി എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കാത്ത ലോകായുക്തയിലെ ഭരണഘടനാ വിരുദ്ധത എന്ന വാദം മുഖ്യമന്ത്രിക്കെതിരായ കേസ് വന്നപ്പോള്‍ മാത്രമാണ് അവര്‍ ഉന്നയിക്കുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കം. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ യോഗ്യതയുള്ള ഏക അധികാരം കോടതിക്ക് മാത്രമാണ്. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തില്‍ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും ഉന്നയിക്കുന്ന വാദങ്ങള്‍ വെറും ന്യായീകരണം മാത്രമാണ്. വാദങ്ങള്‍ക്കൊന്നും യാതൊരു വിധത്തിലുള്ള അടിത്തറയുമില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ ദുരൂഹത ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ആദ്യം കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയും കാനം രാജേന്ദ്രനും സിപിഐക്കും മറുപടി കൊടുക്കട്ടേയെന്നും വി.ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.