കൊറോണയെ വെല്ലുന്ന ഭീകരന്‍ 'നിയോകോവ്': വവ്വാലുകളില്‍ കണ്ടെത്തി;മനുഷ്യരിലേക്ക് പടരുമോയെന്ന ആശങ്കയില്‍ വിദഗ്ധര്‍

കൊറോണയെ വെല്ലുന്ന ഭീകരന്‍ 'നിയോകോവ്': വവ്വാലുകളില്‍ കണ്ടെത്തി;മനുഷ്യരിലേക്ക് പടരുമോയെന്ന ആശങ്കയില്‍ വിദഗ്ധര്‍

വുഹാന്‍: കൊറോണ വൈറസിനേക്കാള്‍ പല മടങ്ങ് സംഹാര ശേഷിയുള്ളതും അതി വേഗം പടരാന്‍ ഇടയുള്ളതുമായ 'നിയോകോവ്' വൈറസ് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. കൊറാണയെ ആദ്യം തിരിച്ചറിഞ്ഞ ചൈനയിലെ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ പ്രകാരം മനുഷ്യരിലേക്ക് ഇതു പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഉയര്‍ന്ന മരണനിരക്കാണ് നിയോകോവ് ഉയര്‍ത്താനിടയുള്ള പ്രധാന വെല്ലുവിളി. പിടിപെടുന്നവരില്‍ മൂന്നിലൊരാളുടെ ജീവനെടുക്കാന്‍ കഴിയും ഈ വൈറസിനെന്നാണ് നിഗമനം.

ഈ വൈറസിന്റെ ഒരു ജനിതക ഭേദം മനുഷ്യനിലേക്കു പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വുഹാന്‍ ലാബിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്‌സിലെയും ഗവേഷകര്‍ പറയുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. നിയോകോവ് വൈറസ് പുതിയതല്ല. 2012ലും 2015ലും പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മെര്‍സ് കോവുമായി നിയോകോവ് വൈറസിന് ചില ബന്ധങ്ങളുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ മാത്രമാണ് നിയോകോവ് വൈറസ് കാണപ്പെടുന്നത്.

റഷ്യന്‍ ശാസ്ത്രജ്ഞരും നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും എന്നാല്‍ നിലവില്‍ അത്തരം ആവിര്‍ഭാവത്തിന് സാധ്യതയില്ലെന്ന നിഗമനമാണുള്ളതെന്നും സ്പുട്‌നിക് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ സംഭവിച്ച കൊറോണ വൈറസ് ആവിര്‍ഭാവം മുതല്‍, ലോകമെമ്പാടുമുള്ള ഗവേഷകര്‍ പുതിയ പൊട്ടിത്തെറിക്ക് കാരണമാകുന്ന വൈറസ് വകഭേദങ്ങളെക്കുറിച്ച് തീവ്രമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുള്ളതിന്റെ ഏറ്റവും പുതിയ അനുബന്ധമാണ് 'നിയോകോവ്'. മനുഷ്യ കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള ശേഷി പ്രാപ്തമാകാനുള്ള കാലതാമസം മാത്രമാണ് ഈ സംഹാര രുദ്രനു നിലവിലുള്ളതെന്ന അഭിപ്രായം വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കുന്നുണ്ട് ചൈനയിലെ ശാസ്ത്രജ്ഞര്‍. അതേസമയം, ഒൗദ്യോഗിക ജേണലുകളില്‍ ഇതു സംബന്ധിച്ച പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.