വൈദികന്റെ ലവ് ജിഹാദ്-ഹലാൽ വിരുദ്ധ പ്രസ്താവനകളെ തള്ളിക്കളയുന്നില്ല, മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതം; തലശേരി അതിരൂപത

വൈദികന്റെ ലവ് ജിഹാദ്-ഹലാൽ  വിരുദ്ധ പ്രസ്താവനകളെ  തള്ളിക്കളയുന്നില്ല, മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതം;  തലശേരി അതിരൂപത

കണ്ണൂർ: തലശേരി അതിരൂപതയിലെ മണിക്കടവ്‌ സെന്റ് തോമസ് പള്ളിയിൽ തിരുനാൾ പ്രസംഗം നടത്തിയ ഫാ. ആന്റണി തറേക്കടവിലിനെതിരെ ചില വർഗീയ സംഘടനകൾ നടത്തിയ പ്രതിഷേധത്തെ തുടർന്നും, മതസൗഹാർദ അന്തരീക്ഷം നിലനിർത്താനായിട്ടും തലശേരി അതിരൂപത നടത്തിയ ചർച്ചകൾ വിവാദമായി മാറിയതിന്റെ പശ്ചാത്തലത്തിൽ അതിരൂപത വിശദീകരണക്കുറിപ്പ് ഇറക്കി.

വൈദികൻ നടത്തിയ പ്രഭാഷണത്തില്‍ സത്യവിശ്വാസത്തെയും ലവ് ജിഹാദിനെയും ഹലാല്‍ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവനകളെ അതിരൂപത തള്ളിപ്പറയാന്‍ തയ്യാറല്ല. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്‌. അച്ചന്റെ പ്രസ്താവനയെ വളച്ചൊടിച്ച് മതസൗഹാർദ്ദത്തിനു ഹാനികരമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇപ്രകാരം ഒരു ചർച്ചക്ക് അതിരൂപത തയ്യാറായത് എന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ആന്റണി തറേക്കടവിലച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടിക്കാന്‍ താല്പര്യമുള്ളവരുടെ കെണിയില്‍ വീഴാന്‍ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഒരു വൈദികനെ ജയിലിലേക്കയക്കാന്‍ അതിരൂപതയ്ക്കു താല്പര്യമില്ല. ഈ വിഷയത്തില്‍ എല്ലാ തീരുമാനങ്ങളും ആന്റണിയച്ചന്റെ അറിവോടെയാണ്‌ അതിരൂപത എടുത്തിട്ടുള്ളത്‌. അച്ചനെ സംരക്ഷിക്കാന്‍ അച്ചനോടൊപ്പം ഈ അതിരൂപത ഉറച്ചു നില്‍ക്കും. അതിനായി നിയമസംരക്ഷണം ഉള്‍പ്പടെ അച്ചന്റെ സുരക്ഷയ്ക്ക്‌ ആവശ്യമായ കാര്യങ്ങള്‍ അതിരൂപത ക്രമീകരിച്ചിട്ടുണ്ടെന്ന് പിആർഓ അറിയിച്ചു.

പ്രസ്താവനയുടെ പൂർണ്ണരൂപം
ബഹു. ആന്റണി തറേക്കടവിലച്ചന്റെ പ്രഭാഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തലശേരി അതിരൂപതയുടെ പ്രസ്താവന മണിക്കടവ്‌ സെന്റ്‌ തോമസ്‌ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച്‌ ബഹു. തറേക്കടവില്‍ ആന്റണിയച്ചന്‍ നല്‍കിയ വചന സന്ദേശത്തെയും അതിനോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചര്‍ച്ചകളെയുംകുറിച്ച്‌ വിവാദങ്ങള്‍ സൃഷ്ടിക്കാനും അതിരൂപതയെ അധിക്ഷേപിക്കാനും ചില കോണുകളില്‍നിന്ന്‌ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. അതിനാല്‍ സംഭവങ്ങളുടെ സത്യാവസ്ഥ വസ്തുതാപരമായി അറിയിക്കാനും വിശ്വാസികളുടെ ഇടയിലെ ആശയക്കുഴപ്പത്തെ പരിഹരിക്കാനും അതിരൂപത ആഗ്രഹിക്കുന്നു.

1. ബഹു. ആന്റണി തറേക്കടവിലച്ചനെയോ അച്ചന്‍ നടത്തിയ പ്രഭാഷണത്തില്‍ സത്യവിശ്വാസത്തെയും ലവ് ജിഹാദിനെയും ഹലാല്‍ ഭക്ഷണത്തിലെ അപകടത്തെയുംകുറിച്ചുള്ള പ്രസ്താവനകളെയോ അതിരൂപത തള്ളിപ്പറയാന്‍ തയ്യാറല്ല. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്‌. മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവവും ഗൂഢലക്ഷ്യങ്ങളോടു കൂടിയുള്ളതുമാണ്‌.

2. മതസൗഹാർദ്ദത്തിന് ഹാനികരമായി വ്യാഖ്യാനിക്കപ്പെടാനും നിയമനടപടികള്‍ക്കു വിധേയമാകാനും ഇടയുള്ള ചുരുക്കം ചില പ്രസ്താവനകള്‍ അച്ചന്റെ പ്രഭാഷണത്തിലുണ്ട്‌ എന്ന പോലീസിന്റെയും നിയമവിദഗ്ദ്ധരുടെയും അഭിപ്രായംകൂടി മാനിച്ചാണ്‌ അതിരൂപത ചര്‍ച്ചയ്ക്കു തയ്യാറായത്‌. മതസൗഹാർദ്ദവും മനുഷ്യ സാഹോദര്യവും തിരുസഭയുടെ മൂല്യങ്ങളാണ്‌. “ഏവരും സോദരര്‍'” എന്ന ഫ്രാന്‍സിസ്‌ പാപ്പായുടെ ദര്‍ശനമാണ്‌ അതിരൂപതയുടെയും മാര്‍ഗ്ഗദീപം. സുവിശേഷത്തോടും സഭാദര്‍ശനങ്ങളോടുമുള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവു മായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ച്‌ സഭയ്ക്ക്‌ പ്രവൃത്തിക്കാനാവില്ല. പൊതുസമൂഹത്തിലെ നമ്മുടെ പ്രതികരണങ്ങള്‍ക്ക്‌ നൈയാമിക സാധുത (legal validity) ആവശ്യമാണെന്ന്‌ സഭ എക്കാലവും കരുതുന്നുണ്ട്‌.

3. സമീപകാലത്ത്‌ ക്രൈസ്തവ സമൂഹത്തില്‍ രൂപം കൊണ്ട ചില പ്രസ്ഥാനങ്ങൾ സമുദായ ബോധം വളര്‍ത്താനും ലൗ-ജിഹാദ്‌ പോലെയുള്ള പ്രതിസന്ധികളെ ധീരമായി നേരിടാനും സമുദായത്തെ ശക്തിപ്പെടുത്തുന്നുണ്ട്‌ എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌. എന്നാല്‍, അപക്വമായ പ്രസ്താവനകളും പ്രചാരണങ്ങളും വഴി സഭയിൽ ആന്തരിക ഭിന്നത ഉണ്ടെന്ന ധാരണ പരത്തുന്നത് അവിവേകമാണ്.. അത്‌ സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുന്ന നടപടിയാണ്. ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ സഭയുടെ മക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

4.സമുദായ സംഘര്‍ഷം രൂപപ്പെടാതിരിക്കാനുള്ള വിവേകവും പക്വതയും പ്രകടമാക്കുന്നത്‌ ഭീരുത്വമല്ല, മറിച്ച്‌ ഈ നാടിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള സഭയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്‌. ക്രൈസ്തവ മതത്തിന്റെ പിറവിതൊട്ടു നമ്മുടെ വിശ്വാസത്തേയും അതിന്റെ നാഥനെയും പലരും ആക്ഷേപിച്ചിട്ടുണ്ട്‌, അധിക്ഷേപങ്ങള്‍ക്കു പകരം അനുഗ്രഹം കൊടുത്തിട്ടുള്ള പാരമ്പര്യമാണ്‌ നമ്മുടേത്‌. ഇതര മതങ്ങളെ അനാദരിക്കുന്നത്‌ ക്രൈസ്തവമല്ല, കത്തോലിക്കാ സഭയുടെ നിലപാടുമല്ല. ഈ നിലപാടാണ്‌ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ ബഹു. ആന്റണി അച്ചന്‍ ഉയര്‍ത്തിയ ധാര്‍മികവും സാമൂഹികവുമായ വിഷയങ്ങള്‍ നമ്മുടെയും ആകുലതയാണ്‌, അതിനു അച്ചന്‌ പൂര്‍ണ പിന്തുണ അതിരൂപത നല്‍കുന്നുണ്ട്‌.

5. ബഹു. ആന്റണി തറേക്കടവിലച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടി ക്കാന്‍ താല്പര്യമുള്ളവരുടെ കെണിയില്‍ വീഴാന്‍ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഒരു വൈദീകനെ ജയിലിലേക്കയക്കാന്‍ അതിരൂപതയ്ക്കു താല്പര്യമില്ല. ഈ വിഷയത്തില്‍ എല്ലാ തീരുമാനങ്ങളും ബഹു. ആന്റണിയച്ചന്റെ അറിവോടെയാണ്‌ അതിരുപത എടുത്തിട്ടുള്ളത്‌. അച്ചനെ സംരക്ഷിക്കാന്‍ അച്ചനോടൊപ്പം ഈ അതിരൂപത ഉറച്ചു നില്‍ക്കും. അതിനായി നിയമസംരക്ഷണം ഉള്‍പ്പടെ അച്ചന്റെ സുരക്ഷയ്ക്ക്‌ ആവശ്യമായ കാര്യങ്ങള്‍ അതിരൂപത ക്രമീകരിച്ചിട്ടുണ്ട്‌. പ്രതിസന്ധികളുടെ ഈ കാലത്തു സത്യം മനസ്സിലാക്കി വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കുമല്ലോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.