വിരമിച്ചവര്‍ക്ക് പ്രഫസര്‍ പദവി: കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

 വിരമിച്ചവര്‍ക്ക് പ്രഫസര്‍ പദവി: കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം: വിരമിച്ചവര്‍ക്ക് പ്രഫസര്‍ പദവി അനുവദിക്കാന്‍ തീരുമാനിച്ച സംഭവത്തില്‍ കാലിക്കറ്റ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. മന്ത്രി ആര്‍. ബിന്ദുവിനു മുന്‍കാല പ്രാബല്യത്തോടെ പ്രഫസര്‍ പദവി ലഭിക്കുന്നതിനായി വിരമിച്ച കോളജ് അധ്യാപകര്‍ക്കു കൂടി പ്രഫസര്‍ പദവി അനുവദിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തിലാണ് വിശദീകരണം തേടിയത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ച ശേഷം ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്ത ഫയലുകളില്‍ ഒന്നാണിത്. ഗവര്‍ണറുടെ കത്ത് ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗം പരിഗണിച്ചേക്കും. യുജിസി ചട്ടങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. സര്‍വീസിലുള്ളവരെ മാത്രമേ പ്രഫസര്‍ പദവിക്കു പരിഗണിക്കാവൂ എന്ന വ്യവസ്ഥ, ഭേദഗതി കൂടാതെ നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിരമിച്ചവര്‍ക്കു പ്രഫസര്‍ പദവി നല്‍കണമെന്ന ആവശ്യം കേരള സര്‍വകലാശാല മുന്‍പു നിരാകരിച്ചിട്ടുമുണ്ട്. ചട്ടങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്‌ക്കോ അധികാരമില്ല.

മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള തൃശൂര്‍ കേരള വര്‍മ കോളജില്‍ ഇംഗ്ലിഷ് അധ്യാപിക ആയിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിക്കുകയായിരുന്നു. പ്രഫസര്‍ ബിന്ദു എന്ന പേരില്‍ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതു വിവാദമായതിനെത്തുടര്‍ന്ന് പേരിനൊപ്പമുള്ള പ്രഫസര്‍ ഒഴിവാക്കി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.