ചൊവ്വയിലെ ജലതടാകം ജീവന്റെ തെളിവോ? നിർണായക കണ്ടെത്തലുമായി ഗവേഷകര്‍

ചൊവ്വയിലെ ജലതടാകം ജീവന്റെ തെളിവോ? നിർണായക കണ്ടെത്തലുമായി ഗവേഷകര്‍

ബ്രിസ്ബന്‍: ഭൂമിക്കു പുറത്ത് ജലമുണ്ടോ എന്നുള്ള അന്വേഷണത്തിന് പ്രതീക്ഷ പകരുന്ന പുതിയ തെളിവുകളുമായി ഗവേഷകര്‍. ചൊവ്വയില്‍ ജലമുണ്ടെന്ന വാദത്തിന് കൂടുതല്‍ ശക്തി പകരുന്ന കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ ഹിമമേഖലയിലാണ് ജലസാന്നിധ്യത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയത്.

ചൊവ്വയില്‍ ഉപ്പു കലര്‍ന്ന വെള്ളമുണ്ടായിരുന്നുവെന്ന കണ്ടെത്തല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്ററാണ് നടത്തിയത്. ചുവന്ന ഗ്രഹത്തില്‍ ജീവന്‍ നിലനിന്നിരുന്നോ എന്നും ഇപ്പോഴും അതിന് സാധ്യതയുണ്ടോ എന്നും കണ്ടെത്തുന്നതിന് ഈ തെളിവുകള്‍ നിര്‍ണായകമാണ്.

'ചൊവ്വയില്‍ എവിടെയെങ്കിലും ജലം കണ്ടെത്തുന്നത് ഏറെ പ്രധാനമാണ്. ജീവന്‍ നിലനില്‍ക്കാനുള്ള അന്തരീക്ഷം അവിടെ ഉണ്ടാകാമെന്നുള്ളതിന്റെ തെളിവാണിതെന്ന് സതേണ്‍ ക്വീന്‍സ്ലന്‍ഡിലെ ജിയോഫിസിസ്റ്റായ ഡോ. ഗ്രാസിയല്ല കാപ്രറെല്ലി പറഞ്ഞു.

2018-ല്‍ ഇറ്റാലിയന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ചൊവ്വയില്‍ ദ്രാവകരൂപത്തിലുള്ള ഒരു വലിയ ഭൂഗര്‍ഭ തടാകം ആദ്യമായി കണ്ടെത്തിയത്.

ചൊവ്വയുടെ ഉപരിതലത്തില്‍നിന്നും ഒരു കിലോമീറ്റര്‍ താഴെ മഞ്ഞുകൊണ്ട് മൂടിപ്പുതച്ച് കിടക്കുന്ന നിലയിലാണ് 20 കിലോമീറ്റര്‍ ചുറ്റളവുള്ള തടാകം കണ്ടെത്തിയത്. മാര്‍സ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റ് നടത്തിയ നിരീക്ഷണത്തിലാണ് തടാകത്തിന്റെ പ്രതിബിംബം പതിഞ്ഞത്. മാര്‍സിസ് എന്ന റഡാര്‍ സംവിധാനമാണ് പുതിയ കണ്ടെത്തലിന് നിര്‍ണായകമായത്. ഈ കണ്ടെത്തല്‍ നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു ഡോ. ഗ്രാസിയല്ല കാപ്രറെല്ലി. അതേസമയം റഡാര്‍ സിഗ്‌നലുകള്‍ വഴിയുള്ള കണ്ടെത്തലിനെ ശക്തമായി എതിര്‍ക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്. അഗ്‌നിപര്‍വ്വതങ്ങളായിരിക്കാം പ്രതിഫലനത്തിന് കാരണമായതെന്നാണ് ചില ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്.

ടെക്‌സസിലെ ഓസ്റ്റിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ദ്രാവക രൂപത്തിലുള്ളത് തടാകമല്ലെന്നും ഐസിന് കീഴിലുള്ള അഗ്‌നിപര്‍വ്വതമാണ് റഡാറില്‍ പതിഞ്ഞതെന്നും വിശദീകരിക്കുന്നു.

തങ്ങളുടെ വാദങ്ങള്‍ക്ക് ശക്തി പകരാന്‍ ഡോ. കാപ്രറെല്ലിയുടെ സംഘം പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ കളിമണ്ണ്, ഉപ്പുവെള്ളം, ലവണജലം എന്നിവയില്‍ വിപുലമായ ലബോറട്ടറി പരീക്ഷണങ്ങള്‍ നടത്തി. ഇതില്‍നിന്നുള്ള കണ്ടെത്തലുകളാണ് ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ നല്‍കിയത്.

ദക്ഷിണധ്രുവത്തിലെ ഹിമമേഖലയിലെ താപനില മൈനസ് 73 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. ഈ താപനിലയില്‍ ജലം ഖര രൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. എന്നാല്‍ ചൊവ്വയുടെ മണ്ണില്‍ കാണപ്പെടുന്ന ലവണങ്ങള്‍ക്ക് ആന്റി-ഫ്രീസിംഗ് കഴിവ് ഉണ്ടെന്നും അതിനാല്‍ ഈ ലവണങ്ങള്‍ക്ക് ദ്രാവക രൂപത്തില്‍ ജലത്തെ നിലനിര്‍ത്താന്‍ കഴിയുമെന്നും ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ഗവേഷകര്‍ കണ്ടെത്തി. ഇതോടെ ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ രൂപത്തില്‍ ജീവനുണ്ടാകാമെന്ന വാദത്തിനും ബലമേറിയിരിക്കുകയാണ്.

ചൊവ്വയില്‍ ഐസ് അല്ലെങ്കില്‍ ദ്രാവക രൂപത്തിലുള്ള ജലം എങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്നു മനസിലാക്കാനായത് ആവേശകരമായ കണ്ടെത്തലാണെന്നു പെര്‍ത്തിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ കോസ്മിക് മിനറോളജിസ്റ്റും ജ്യോതിശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ ഗ്രെച്ചന്‍ ബെനഡിക്‌സ് അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.