'ഇതാ ഒരു രാഷ്ട്രീയ, സാമൂഹിക, വ്യാവസായിക വാര്‍ത്താപത്രം. എല്ലാവര്‍ക്കും വേണ്ടി, എന്നാല്‍ ആരുടെയും അടിമയാകാതെ' 1780 ജനുവരി 29ന് ബംഗാളില്‍ പിറവിയെടുത്ത, ഇന്ത്യയിലെ ആദ്യ ത്തെ വര്‍ത്തമാന പത്രമായ ഹിക്കിസ് ബംഗാള്‍ ഗസറ്റിന്റെ മുഖവാചകമാണ് മേലുദ്ധരിച്ചത്. പില്‍ക്കാലത്ത് ഇന്ത്യന്‍ സാംസ്കാരിക വളര്‍ച്ചയുടെ ചാലകശക്തിയായി മാറിയ വാര്‍ത്താപത്രങ്ങളുടെ ഈ മുതുമുത്തച്ഛന് 237-ാം പിറന്നാള്‍ മംഗളങ്ങള്‍.
ആരാലും സ്വാധീനിക്കപ്പെടാതെ, സമൂഹത്തിലെ എല്ലാ വിഭാഗത്തെയും അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ, ആഴ്ചപത്രമായി തുടങ്ങിയ ഹിക്കിസ് ബംഗാള്‍ ഗസറ്റിന്റെ പിന്‍തുടര്‍ച്ചയായി, ഇന്ത്യയില്‍ ഇന്ന് ദിനപത്രങ്ങളും മാസികകളും വാരികകളുമായി 1,05,443 പ്രസിദ്ധീകരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 16,000 പ്രസിദ്ധീകരണങ്ങളോടെ ഉത്തര്‍പ്രദേശാണ് സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത്.അച്ചടിയന്ത്രത്തിന്റെ വ്യാപനത്തോടെ ഓരോ ദേശവും സംസ്‌കാരവും വര്‍ത്തമാനപത്രങ്ങളിലൂടെയാണ് സാമൂഹിക നവോത്ഥാനത്തിനു വഴിയൊരുക്കിയത്. മഹാപ്രളയംപോലെ അക്ഷരങ്ങള്‍ ഒഴുകിവരുന്ന ഈ സാക്ഷരതായുഗത്തില്‍ ജനമനസിന് സത്യമറിയാനും അറിയിക്കാനുമുള്ള ഗൗരവതരമായ ഉത്തരവാദിത്തമാണ് ദിനപത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും നിര്‍വഹിക്കാനുള്ളത്.
14 കോടി വായനക്കാരുമായി ജപ്പാനിലെ യോമിയുറി ഷിംബുന്‍ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമായി വളര്‍ന്നിരിക്കുന്നു. പ്രന്തണ്ടുകോടി വായനക്കാരുള്ള ജപ്പാനിലെതന്നെ അസഹി ഷിംബുന്‍ എന്ന പത്രമാണ് രണ്ടാം സ്ഥാനത്ത്. ലോകമിന്ന് അച്ചുകൂടങ്ങളുടെ അടിമയായി മാറിക്കഴിഞ്ഞു. ഓരോ രാജ്യത്തിലും ജനമനസിന്റെ മൂല്യബോധത്തെ രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ദിനപത്രങ്ങളും ദൃശ്യശ്രാവ്യ മാധ്യമങ്ങളുമാണ്. അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലും ന്യൂയോര്‍ക്ക് ടൈംസും ഇംഗ്ലണ്ടില്‍ ദി ഡെയ്‌ലി മെയിലും ഓസ്‌ട്രേലിയയില്‍ ഹെറാള്‍ഡ് സണ്ണും കാനഡയില്‍ ടൊറോന്റോ സ്റ്റാറും ഏറ്റവും കൂടുതല്‍ വായനക്കാരെ സ്വന്തമാക്കുമ്പോള്‍ ഇന്ത്യയില്‍ ടൈംസ് ഓഫ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രമാണ് ഏറ്റവും പ്രചാരം നേടിയിരിക്കുന്നത്. പ്രാദേശിക പ്രതങ്ങളില്‍ ദൈനിക് ജഗ്രാൻ , ദൈനിക് ഭാസ്‌കര്‍ എന്നീ പ്രാദേശിക പത്രങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. കേരളത്തില്‍ ഏറ്റവും പഴക്കമുള്ള ദിനപ്രതം 1887 ഏപ്രില്‍ 15ന് ആരംഭിച്ച ദീപികയാണ്. തൊട്ടുപിന്നില്‍ മലയാള മനോരമ, മാതൃ ഭൂമി, കേരള കൗമുദി, ദേശാഭിമാനി, മാധ്യമം തുടങ്ങി നൂറോളം ചെറുതും വലുതുമായ ദിനപ്രതങ്ങളുമായി മലയാളത്തിന്റെ സാക്ഷര സമ്പന്നത നമ്മെ അതിശയിപ്പിക്കുന്നു.
പത്ര വ്യവസായം ഒരു അക്ഷരക്കച്ചവടം മാത്രമായി അധഃപതിക്കുമ്പോള്‍ പെയ്‌ഡ് ന്യൂസ് എന്ന വൈകൃതം ബാധിച്ച മാധ്യമ മുതലാളിമാരുടെ ലാഭമോഹങ്ങളില്‍ ഒരു ജനത ചൂഷിതരാകുന്ന കാഴ്ചയാണ് ഇന്നു കൂടുതലും കാണാനാവുന്നത്. സത്യം പറയുന്ന പ്രതങ്ങള്‍ക്ക് വായനക്കാര്‍ കുറയുമ്പോള്‍ പ്രചാരത്തിനും സ്ഥാപിത താത്പര്യ സംരക്ഷണത്തിനുമായി അസത്യങ്ങളോടുള്ള ചങ്ങാത്തം മാധ്യമ തന്ത്രമാക്കി മാറ്റുകയാണ് പലരും ചെയ്യുന്നത്. നമുക്ക് പത്രങ്ങളുടെ ചരിത്രം പഠിക്കാം. കാരണം, മാനവ ജീവിതത്തിന്റെ നാളാഗമങ്ങളാണ് ദിനപത്രങ്ങള്‍.
ഫാ റോയ് കണ്ണൻചിറ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തില്‍നിന്ന്.
ഫാ റോയ് കണ്ണൻചിറ എഴുതിയ കൂടുതൽ കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.