യുവാക്കളുടെ മനം കവര്‍ന്ന് ടൊയോട്ട ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും !

യുവാക്കളുടെ മനം കവര്‍ന്ന് ടൊയോട്ട ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും !

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട തങ്ങളുടെ മാരുതി റീ ബാഡ്ജ് പതിപ്പുകളായ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ എന്നീ കാറുകള്‍ ഒരുമിച്ച് ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. മാരുതിയില്‍ നിന്നുള്ള റീ ബാഡ്ജ് പകതിപ്പുകളായ ഈ രണ്ട് കാറുകളും ആദ്യമായി 2019 ന്റെ രണ്ടാം പകുതിയില്‍ ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ മോഡലുകള്‍ക്ക് ടൊയോട്ട ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന ഡിമാന്‍ഡാണ് ലഭിച്ചത്.

ഗ്ലാന്‍സയ്ക്ക് 65,000 യൂണിറ്റ് വില്‍പ്പനയും അര്‍ബന്‍ ക്രൂയിസര്‍ 35,000 യൂണിറ്റിലധികം മൊത്തവ്യാപാരവും രേഖപ്പെടുത്തി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായി ടൊയോട്ട വാങ്ങുന്നവര്‍ക്ക് ഇടയില്‍ 66 ശതമാനം പേര്‍ക്ക്, പ്രത്യേകിച്ച് ടയര്‍ II & III വിപണികളില്‍, ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

എക്‌സ്പ്രസ് മെയിന്റനന്‍സ് 60 (EM60), Q സേവനം, എക്സ്റ്റന്‍ഡഡ് വാറന്റി & സര്‍വീസ് പാക്കേജുകള്‍ (SMILES) എന്നിങ്ങനെ പ്രത്യേകം രൂപകല്‍പന ചെയ്ത മൂല്യവര്‍ദ്ധിത സേവന പരിപാടികളോടെയാണ് ഈ മോഡലുകള്‍ രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്. ഗ്ലാസ മാരുതി ബലേനോയുടെയും അര്‍ബന്‍ ക്രൂയിസര്‍ വിറ്റാര ബ്രെസയുടെയും റീബ്രാന്‍ഡഡ് പതിപ്പുകളാണ്.

''ഉയര്‍ന്ന ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തില്‍ ടൊയോട്ട വളരെ അഭിമാനിക്കുന്നു, ഈ നാഴികക്കല്ല് അതിന്റെ തെളിവാണ്. മികച്ച ഉടമസ്ഥാവകാശ അനുഭവം, അസാധാരണമായ വില്‍പ്പന, വില്‍പ്പനാനന്തര സേവനങ്ങള്‍ തുടങ്ങിയവ ടൊയോട്ട നല്‍കുന്നു..' ഗ്ലാന്‍സയുടെയും അര്‍ബന്‍ ക്രൂയിസറിന്റെയും വിജയത്തെക്കുറിച്ച് ടികെഎം സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂണ്‍ ആറിനായിരുന്നു വാഹനത്തിന്റെ വിപണിയിലെ അരങ്ങേറ്റം. ബിഎസ് 6ലുള്ള 1.2 ലിറ്റര്‍ കെ12ബി പെട്രോള്‍ എന്‍ജിനാണ് ഗ്ലാന്‍സയുടെ ഹൃദയം. ഇതിന് 83 ബിഎച്ച്പി പവറില്‍ 113 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളാവും ട്രാന്‍സ്മിഷന്‍.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്ജ് പതിപ്പായ പുതിയ അര്‍ബന്‍ ക്രൂയിസറിനെ 2020 ആദ്യമാണ് ടൊയോട്ട പുറത്തിറക്കിയത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

അതേസമയം ഇപ്പോള്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയെ നേരിടാന്‍ ഒരു പുതിയ മിഡ്-സൈസ് എസ്യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ടയും മാരുതി സുസുക്കിയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ഉല്‍പ്പന്നം വികസിപ്പിക്കാന്‍ ടൊയോട്ടയും മാരുതി സുസുക്കിയും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇരു നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡിസൈനര്‍മാരും പ്രൊഡക്ട് ഡവലംപ്‌മെന്റ് ടീമും എഞ്ചിനീയറിംങ് ടീമുകളും വരാനിരിക്കുന്ന പ്രൊഡക്റ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ എസ്യുവി നിലവില്‍ രണ്ട് നിര്‍മ്മാതാക്കളും സംയുക്തമായിട്ടാണ് വികസിപ്പിച്ചെടുക്കുന്നതെന്നാണ് വിവരം. ഗ്ലാന്‍സ എന്ന പേരില്‍ ടൊയോട്ട വില്‍ക്കുന്ന മാരുതി ബലേനോയില്‍ ഇതുവരെ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അര്‍ബന്‍ ക്രൂയിസര്‍ എന്ന ബ്രെസയ്ക്കും ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ പുതിയ മോഡല്‍ വെറുമൊരു റീ ബാഡ്ജ് പതിപ്പല്ല എന്നതാണ് കൗതുകകരം.

പുതിയ കാറിന്റെ വികസനത്തില്‍ രണ്ട് നിര്‍മ്മാതാക്കളും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, എസ്യുവിയുടെ രണ്ട് ആവര്‍ത്തനങ്ങളിലും വളരെ വ്യത്യസ്തമായതും സിഗ്‌നേച്ചര്‍ ഡിസൈന്‍ ഘടകങ്ങളും ഉണ്ടാകും. വാഹനത്തിന്റെ ഡെവലപ്പ്‌മെന്റിന്റെ ചെലവ് ഏകദേശം 1,000 കോടി രൂപയോളമാണ്. രണ്ട് നിര്‍മ്മാതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. ടൊയോട്ടയുടെ കര്‍ണാടക പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഈ വാഹനം ഇന്ത്യയിലെ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളിലൂടെയും ടൊയോട്ട ഡീലര്‍ഷിപ്പുകളിലൂടെയും വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.