ഉരുളക്കിഴങ്ങ് ഗ്രോബാഗുകളിലും ചട്ടിയിലും നമ്മുക്കും നടാം !

ഉരുളക്കിഴങ്ങ് ഗ്രോബാഗുകളിലും ചട്ടിയിലും നമ്മുക്കും നടാം !

ശീതകാല പച്ചക്കറിവിളയായ ഉരുളക്കിഴങ്ങ് മലയാളിയുടെ ഭക്ഷ്യശീലത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഹൈറേഞ്ചുകളിലും ഇപ്പോള്‍ സമതലങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു. രോഗമുക്ത 40-50 ഗ്രാം തൂക്കം വരുന്ന ഉരുളക്കിഴങ്ങുകള്‍ മുളവന്നത് കടയില്‍ നിന്ന് വാങ്ങിച്ചു വിത്തായി ഉപയോഗിക്കാം.

മുളവന്നത് ലഭിക്കുന്നില്ലെങ്കില്‍ പച്ചനിറത്തിലുള്ളവ തിരഞ്ഞുവാങ്ങി ഇവ ഇരുട്ടുമുറിയില്‍ നിരത്തിവെച്ചു ചണച്ചാക്ക് നനച്ച് അതുകൊണ്ട് മൂടിവെക്കുക. 20 ദിവസം കൊണ്ട് മുളവരും. മുളവന്ന കിഴങ്ങുകള്‍ ഒരു മുളകിട്ടും വിധത്തില്‍ നാലു കഷണങ്ങളാക്കി മുറിച്ചു സ്യൂഡോമോണസ് ലായനിയില്‍ (250 ഗ്രാം ന്യൂഡോമോണസ് 750 മില്ലിലിറ്റര്‍ വെള്ളം) മുക്കി തണലത്ത് ഉണക്കി നടീലിന് ഉപയോഗിക്കാം.

കഫ്റി ജ്യോതി, കഫ്റി ബാദ്ഷ, കഫ്‌റി അലങ്കാര്‍, കഫ്റി ദേവ എന്നീ ഇനങ്ങള്‍ കേരളത്തിന് യോജിച്ചവയാണ്. നീര്‍വാര്‍ച്ച-ജലസേചന സൗകര്യമുള്ള ജൈവാംശം ഏറിയ തുറസായ സ്ഥലങ്ങളില്‍ നിലമൊരുക്കി ചെറിയ വാരങ്ങളെടുത്തു നടുന്നതാണ് നല്ലത്. ഒരു സെന്റ് സ്ഥലത്തേക്ക് കാലിവളം 90 കിലോഗ്രാം, വേപ്പിന്‍പിണ്ണാക്ക് 10 കിലോഗ്രാം, ഒരു കിലോഗ്രാം ട്രൈകോഡര്‍മ ചേര്‍ത്തു കൊടുക്കണം.

രാസവളങ്ങളായി യൂറിയ 500 ഗ്രാം, രാജ്ഫോസ് 225 ഗ്രാം, എം.ഒ.പി. 75 ഗ്രാം എന്ന ക്രമത്തില്‍ അടിവളമായി ചേര്‍ക്കാം. മുള മുകളില്‍ വരും വിധത്തില്‍ 20-25 സെന്റിമീറ്റര്‍ അകലത്തില്‍ വാരങ്ങളില്‍ വിത്തു നടാം. ചെടികള്‍ വളര്‍ന്ന് 15-20 സെന്റിമീറ്റര്‍ ഉയരമാകുമ്പോള്‍ യൂറിയ 500 ഗ്രാം എം.ഒ.പി. 75 ഗ്രാം എന്നിവ ചേര്‍ത്ത് മണ്ണ് കയറ്റി ക്കൊടുക്കണം.

കളയെടുപ്പ്, ജലസേചനം, കീട നിയന്ത്രണം തുടങ്ങിയ പരിചരണ പ്രവൃത്തികള്‍ ചെയ്യണം. എഴുപതു ദിവസമാകുമ്പോള്‍ രണ്ടാം തവണ മണ്ണ് കയറ്റി ക്കൊടുക്കണം.

ഗ്രോബാഗുകളിലും ചട്ടിയിലും കൃഷി ചെയ്യുമ്പോള്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പു വരുത്തണം. പകുതി ഭാഗം മാത്രം പോര്‍ട്ടിങ് മിക്സചര്‍ ചേര്‍ത്ത് ബാഗ്/ചട്ടി വലുപ്പം അനുസരിച്ച് കഷണങ്ങള്‍ നടാം. തണ്ടുകള്‍ പൂര്‍ണ വളര്‍ച്ചയെത്തി ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുപ്പാവാം. ഇനങ്ങള്‍ക്കനുസരിച്ച് 80 മുതല്‍ 120 ദിവസം വരെയാണ് വിളദൈര്‍ഘ്യം. വിളവെടുത്താല്‍ കിഴങ്ങ് വെയില്‍ ഏല്‍പ്പിക്കാന്‍ പാടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.