വൈറ്റ് ഹൗസില്‍ ബൈഡനും ജില്ലിനും കൂട്ടായി 'വില്ലോ'യും; ബുഷിന്റെ ലാളനയേറ്റ 'ഇന്‍ഡ്യ'ക്കു പിന്‍ഗാമിപ്പൂച്ച

 വൈറ്റ് ഹൗസില്‍ ബൈഡനും ജില്ലിനും കൂട്ടായി 'വില്ലോ'യും; ബുഷിന്റെ ലാളനയേറ്റ 'ഇന്‍ഡ്യ'ക്കു പിന്‍ഗാമിപ്പൂച്ച


വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും സ്‌നേഹ ലാളനയേല്‍ക്കാന്‍ വൈറ്റ് ഹൗസില്‍ ഇനി 'വില്ലോ'യും; ഗ്രേ റ്റാബി ഇനത്തില്‍പ്പെട്ട വില്ലോ എന്ന പൂച്ച സുന്ദരി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ പുതിയ അംഗമായി എത്തിയ വിവരം പ്രഥമ വനിതയുടെ വക്താവ് മൈക്കല്‍ ലാറോസ ആണ് മാധ്യമങ്ങളെ അറിയിച്ചത്.

ബൈഡന് മുന്‍പ് ജോര്‍ജ്.ഡബ്ല്യൂ.ബുഷ് ആണ് വൈറ്റ് ഹൗസില്‍ പൂച്ചയെ വളര്‍ത്തിയിരുന്നത്. 'ഇന്‍ഡ്യ' എന്നായിരുന്നു പേര്. 'വില്ലോ അവളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ കൊണ്ട് വൈറ്റ് ഹൗസില്‍ കളി തുടങ്ങി. മണക്കാനും പര്യവേക്ഷണം ചെയ്യാനും ധാരാളം ഇടങ്ങള്‍ ഉള്ളതും അവള്‍ ആസ്വദിക്കുന്നു'- മൈക്കല്‍ ലാറോസ പറഞ്ഞു.

രണ്ട് വയസ്സുണ്ട് വില്ലോയ്ക്ക്. 2020 ലെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയ്ക്കിടെ പെന്‍സില്‍വാനിയയില്‍ നിന്നാണ് ബൈഡന് വില്ലോയെ ലഭിക്കുന്നത്. സ്റ്റേജിലേക്ക് ചാടി വീഴുകയായിരുന്നു വില്ലോ. അന്ന് വില്ലോയുടെ ഭംഗിയില്‍ ആകൃഷ്ടനായ ബൈഡന്‍ അവളുടെ ഉടമയായിരുന്ന ടെലസിന്റെ അനുമതിയോടെ പൂച്ചയെ സ്വന്തമാക്കി. ബൈഡന്റെ ഡെലവെയറിലെ വീട്ടിലായിരുന്നു ഇത്ര കാലം.മോണ്ട്‌ഗോമറി കൗണ്ടിയിലെ വില്ലോ ഗ്രോവിലുള്ള പ്രഥമ വനിതയുടെ ജന്മനാടിന്റെ പേര് അവള്‍ക്കിട്ടതു പിന്നീടാണ്.

വൈറ്റ് ഹൗസില്‍ വില്ലോയ്ക്ക് കൂട്ടായി കമാന്‍ഡര്‍ എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായക്കുട്ടിയുമുണ്ട്. പ്രസിഡന്റിന്റെ സഹോദരന്‍ ജെയിംസ് ബൈഡനും ഭാര്യ സാറയും ചേര്‍ന്ന് ജന്മദിന സമ്മാനമായി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കമാന്‍ഡറെ വൈറ്റ് ഹൗസിലെത്തിച്ചത്.കമാന്‍ഡറിന് മുമ്പ് വൈറ്റ് ഹൗസില്‍ ബൈഡന്‍ ദമ്പതികളുടെ 'സംരക്ഷണ മേല്‍നോട്ട' ചുമതല നിര്‍വഹിച്ചുപോന്ന മറ്റ് രണ്ട് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ശ്വാനന്മാരുണ്ടായിരുന്നു: ചാമ്പ്, മേജര്‍.



2021 ജനുവരിയില്‍ എത്തിയ 3 വയസ്സുള്ള മേജറിന് ശൗര്യം ഇത്തിരി ജാസ്തിയായതു പ്രശ്‌നമായി. പലരോടും അക്രമത്തിനു മുതിര്‍ന്നു.രണ്ടു പേര്‍ക്കെങ്കിലും കടിയേല്‍ക്കുകയും ചെയ്തതോടെ വിഷയത്തില്‍ പ്രസിഡന്റ്് നേരിട്ടിടപെട്ട് ഡെലവെയറിലെ വീട്ടിലേക്ക് തിരിച്ചയച്ചു.നായ പരിശീലകര്‍, മൃഗങ്ങളുടെ പെരുമാറ്റ വിദഗ്ധര്‍, മൃഗഡോക്ടര്‍മാര്‍ എന്നിവരുമായി കൂടിയാലോചിച്ചപ്പോള്‍ ബൈഡനു കിട്ടിയ ഉപദേശം കുടുംബ സുഹൃത്തുക്കളോടൊപ്പം ശാന്തമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ മേജറിനെ അയയ്ക്കണമെന്നായിരുന്നുവെന്നു ലാറോസ പറഞ്ഞു. കടുത്ത പരിശീലനത്തിലാണിപ്പോള്‍ മേജര്‍. നല്ല സ്വഭാവത്തിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുന്നു.ഇതിനിടെ ഇക്കഴിഞ്ഞ ജൂണില്‍ ചാമ്പ് മരിച്ചു, 13-ാം വയസ്സില്‍.


https://t.co/Gl3SnsMnvW


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.