പ്രലോഭനങ്ങളില്‍ പെടുകയും പിന്നീട് അതിജീവിക്കുകയും ചെയ്ത വിശുദ്ധ ഹയസിന്താ മാരിസ്‌കോട്ടി

പ്രലോഭനങ്ങളില്‍ പെടുകയും പിന്നീട് അതിജീവിക്കുകയും ചെയ്ത വിശുദ്ധ ഹയസിന്താ മാരിസ്‌കോട്ടി

അനുദിന വിശുദ്ധര്‍ - ജനുവരി 30

റ്റലിയിലെ വിറ്റെര്‍ബോ എന്ന നഗരത്തിന് സമീപമുള്ള വിഞ്ഞാരെല്ലോ എന്ന ഗ്രാമത്തില്‍ 1585 ലാണ് ക്ലാരിസ് എന്ന ഹയസിന്താ മാരിസ്‌കോട്ടി ജനിച്ചത്.

അവള്‍ക്ക് 20 വയസുള്ളപ്പോള്‍ മാര്‍ക്വിസ് കാസിസൂക്കി എന്ന ചെറുപ്പക്കാരന്‍ അവളെ നിരാകരിച്ച് അനിയത്തിയെ വിവാഹം ചെയ്തു. ആ സംഭവത്തിനു ശേഷം അവള്‍ കോപാകുലയും ക്ഷമയില്ലാത്തവളുമായി തീര്‍ന്നു. സഹികെട്ട കുടുംബം വിറ്റെര്‍ബോയില്‍ അവളുടെ സഹോദരി അംഗമായിട്ടുള്ള ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിനീ മഠത്തില്‍ ചേരുവാന്‍ അവളെ നിര്‍ബന്ധിച്ചു.

അതിന്‍ പ്രകാരം മഠത്തില്‍ ചേര്‍ന്ന അവള്‍ അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തിരികെ മഠത്തില്‍ എത്തുകയും കാലക്രമേണ കന്യകാവൃതം സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും മതപരമായ നിയമങ്ങളെ അവള്‍ ഒട്ടും തന്നെ വകവെച്ചിരുന്നില്ല. തന്റെ സ്ഥാനവും സമ്പന്നതയും മൂലം ലഭിച്ചിരുന്ന സൗഭാഗ്യങ്ങളൊന്നും തന്നെ അവള്‍ ഉപേക്ഷിച്ചിരുന്നില്ല.

എന്നാല്‍ അവളുടെ ആദ്യ മന പരിവര്‍ത്തനം സംഭവിച്ചത് അവള്‍ രോഗിയായിരുന്നപ്പോള്‍ കുമ്പസാരിപ്പിക്കുവാനായി ഒരു പുരോഹിതന്‍ വന്നപ്പോഴാണ്. അവളുടെ മുറിയിലെ ആഡംബര ഉപകരണങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ട പുരോഹിതന്‍ അവള്‍ ഈ മഠത്തില്‍ താമസിക്കുന്നത് സാത്താനെ സഹായിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് തുറന്നു പറഞ്ഞു. ഈ അഭിപ്രായം അവളുടെ ആത്മീയ ജാടകള്‍ക്കുമേലുള്ള പ്രഹരമായി മാറി. ഇതോടെ ഹയസിന്താ സ്വയം നവീകരണത്തിനു വിധേയയാകുവാന്‍ തീരുമാനിച്ചു.

എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്റെ പഴയ ജീവിതത്തിലേക്ക് തന്നെ മടങ്ങിയതോടെ വീണ്ടും രോഗബാധിതയായി. ഇത്തവണ കുറച്ചു ഗൗരവതരമായിരുന്നു അവളുടെ രോഗാവസ്ഥ. അവള്‍ പിന്നെയും നവീകരണത്തിന് വിധേയയാവുകയും ദൈവം ആഗ്രഹിച്ച തരത്തിലുള്ള ഒരു ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു.

ക്ഷമയുടേയും അനുതാപത്തിന്റേയും പ്രാര്‍ത്ഥനയുടേയും നല്ല പ്രവര്‍ത്തികളുടേയും വിശാല മനസ്‌കതയുടേയും ഒരു മാതൃകയായി മാറി അവള്‍. ആ സമയം മുതല്‍ കഠിനമായ അച്ചടക്കത്തിന്റേയും നിരന്തരമായ ഉപവാസത്തിന്റെയും ഉറക്കമൊഴിച്ചുള്ള നീണ്ട പ്രാര്‍ത്ഥനകളുടേയുമായ ഒരു ജീവിതത്തിനായി സ്വയം സമര്‍പ്പിച്ചു.

വിശുദ്ധ ഹയസിന്താ പിന്നീട് നടത്തിയ കാരുണ്യ പ്രവര്‍ത്തികള്‍ ഏറെ പ്രശംസാര്‍ഹമായിരുന്നു. സ്വന്തം സമൂഹത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലായിരുന്നു ഹയസിന്തായുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഇതിനായി വിശുദ്ധയുടെ സ്വാധീനഫലമായി വിറ്റെര്‍ബോയില്‍ രണ്ടു സമിതികള്‍ ഉണ്ടായി. പ്രായമായവരേയും രോഗികളേയും ശുശ്രൂഷിക്കുവാന്‍ സമിതിയംഗങ്ങള്‍ ജീവിതം സമര്‍പ്പിച്ചു. തന്റെ അഭ്യര്‍ത്ഥനകളുടെ ഫലമായി തനിക്ക് ദാനമായി ലഭിച്ചിരുന്ന സമ്പത്ത് മുഴുവന്‍ വിശുദ്ധ ഇതിനായി ചിലവഴിച്ചു.

1640 ജനുവരി 30ന് ഹയസിന്താ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 1807 ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ജീവിതത്തിലെ സഹനങ്ങള്‍ ദൈവ സഹായത്താല്‍ എങ്ങനെ അനുഗ്രഹങ്ങളാക്കി മാറ്റമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് വിശുദ്ധ ഹയസിന്തായുടെ ജീവിതം.

ഇന്നത്തെ ഇതര വിശുദ്ധര്‍

4. അലക്‌സാണ്ടര്‍

1. ഫ്രാന്‍സിലെ അദെലന്‍മൂസ്

3. മൗബെത്തിലെ അന്‍ദെഗുണ്ട്

2. അലക്‌സാണ്ട്രിയായിലെ അഗ്രിപ്പിനൂസ്

5. പ്രോവെന്‍സില്‍ ആന്റിബെസ് ബിഷപ്പായിരുന്ന അര്‍മെന്താരിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.