പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ആദ്യ സെഷന്‍ ഫെബ്രുവരി 11 വരെ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ആദ്യ സെഷന്‍ ഫെബ്രുവരി 11 വരെ

ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ഫെബ്രുവരി 11 വരെ നീണ്ടു നില്‍ക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14 ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗസസ് വിഷയം ഉന്നയിക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇടപാടിനെക്കുറിച്ച് നേരിട്ട് അറിയാമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തില്‍ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കി. പകരം പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

ബജറ്റിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നതിനായി രേഖകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറത്തു പോകുന്നതില്‍ വിലക്കുണ്ട്. അവരുടെ 'ലോക്ക് ഇന്‍' ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഹല്‍വ ചടങ്ങ് നടത്തുന്നത്.

നോര്‍ത്ത് ബ്ലോക്കിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസിലാണ് കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പുള്ള കാലയളവില്‍ എല്ലാ ഉദ്യോഗസ്ഥരും കഴിയുക. കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമെ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂവന്ന് പ്രസ്താവനയില്‍ പറയുന്നു.

2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കടലാസ് രഹിത രൂപത്തില്‍ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയന്‍ ബജറ്റും കടലാസ് രഹിതമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.