• Tue Jan 14 2025

വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ കനേഡിയന്‍ തലസ്ഥാനത്തെ വളഞ്ഞ് 'ഫ്രീഡം കോണ്‍വോയ്'; ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

 വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ കനേഡിയന്‍ തലസ്ഥാനത്തെ വളഞ്ഞ് 'ഫ്രീഡം കോണ്‍വോയ്'; ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

ഒട്ടാവ: കാനഡയില്‍ വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. സുരക്ഷ പരിഗണിച്ചാണ് നടപടി.

വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ 'ഫ്രീഡം കോണ്‍വോയ്' എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരുടെ അപൂര്‍വ പ്രതിഷേധത്തിനാണ് കാനഡ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

കാനഡയില്‍ 90 ശതമാനം പേരും വാക്സിനെടുത്തവരാണെന്നും അതിനാല്‍ അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവിനെതിരായാണ് ട്രക്ക് ഡ്രൈവര്‍മാരും മറ്റ് സമരക്കാരും ഇപ്പോള്‍ വാഹന വ്യൂഹവുമായി കാനഡ ലക്ഷ്യമാക്കി നീങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ട്രക്കുകള്‍ വാന്‍കൂവറില്‍ ഒരുമിച്ച് ജനുവരി 23 ന് അവിടെ നിന്നാണ് പ്രതിഷേധ യാത്ര പുറപ്പെട്ടത്.

ഈ വാഹനവ്യൂഹം ഒട്ടാവയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സമരക്കാര്‍ പ്രധാനമന്ത്രിയെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം പ്രക്ഷോഭകരില്‍ ചിലര്‍ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തതും അപമാനിച്ചതും വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇതിനെ അപലപിച്ച് സൈനിക തലവന്‍മാരും പ്രതിരോധ മന്ത്രിയും രംഗത്തെത്തി.

പതിനായിരത്തോളം പ്രക്ഷോഭകര്‍ ഇന്ന് തലസ്ഥാനത്ത് എത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. എന്നാല്‍ പോലീസ് കരുതുന്നതിലും കൂടുതല്‍ പ്രക്ഷോഭകര്‍ എത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രക്ഷോഭം രാജ്യത്ത് അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്ന് ആശങ്കപ്പെടുന്നതായി പറഞ്ഞ പ്രധാനമന്ത്രി ട്രൂഡോ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സമരത്തിലുള്ളതെന്നും ഇവര്‍ കനേഡിയന്‍ ജനതയയെ പ്രതിനിധീകരിക്കുന്നവരല്ലെന്നും വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.