പടിഞ്ഞാറന്‍ യുപിയില്‍ പച്ച തൊടാതെ ബിജെപി; നേതാക്കള്‍ക്കെതിരെ വന്‍ പ്രതിഷേധം, കല്ലേറ്

പടിഞ്ഞാറന്‍ യുപിയില്‍ പച്ച തൊടാതെ ബിജെപി; നേതാക്കള്‍ക്കെതിരെ വന്‍ പ്രതിഷേധം, കല്ലേറ്

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വ്യാപക പ്രതിഷേധം. ബിജെപി സ്ഥാനാര്‍ഥികളെയും നേതാക്കളെയും കരിങ്കൊടി കാണിക്കുകയും ചിലയിടങ്ങളില്‍ കല്ലേറുണ്ടാകുകയും ചെയ്തു. ചെളി വാരിയെറിഞ്ഞ സംഭവവുമുണ്ടായി. ഇതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആസൂത്രിത നീക്കമാണിതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

പടിഞ്ഞാറന്‍ യുപില്‍ തന്നെ പന്ത്രണ്ടിലധികം സ്ഥലങ്ങളിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. ഫെബ്രുവരി 10, 14 തിയതികളിലാണ് യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പ്. ബിജെപിയുടെ സിവല്‍കാസ് സ്ഥാനാര്‍ഥി മനീന്ദര്‍പാല്‍ സിങിനെതിരെ ചുര്‍ ഗ്രാമത്തിലാണ് പ്രതിഷേധമുണ്ടായത്. 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടാതെ കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ പ്രചാരണ വാഹനങ്ങളില്‍ ആറ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കല്ലേറ് നടത്തിയവര്‍ ആര്‍എല്‍ഡിയുടെ പ്രവര്‍ത്തകരാണന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അവ പരിശോധിച്ചാണ് കേസെടുത്തതെന്ന് സര്‍ധന പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ലക്ഷ്മണ്‍ വര്‍മ പറഞ്ഞു.

2017 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ പ്രദേശമാണ് പടിഞ്ഞാറന്‍ യുപി. കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള ഇവിടെയാണ് ബിജെപിക്കെതിരെ ഇത്തവണ പ്രതിഷേധം കനക്കുന്നത്. ബിജെപിക്ക് കടുത്ത പരീക്ഷണമാകും തിരഞ്ഞെടുപ്പ് എന്ന സൂചനയാണിത്. ബിജെപി എംഎല്‍എമാരെ പ്രദേശത്തേക്ക് കടക്കാന്‍ കര്‍ഷകര്‍ അനുവദിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ശേഷമാണ് ഈ സാഹചര്യത്തിന് അല്‍പമെങ്കിലും മാറ്റം വന്നത്.

ഇത്തവണ ആര്‍എല്‍ഡിയും എസ്പിയും സഖ്യത്തിലാണ്. യാദവ, മുസ്ലിം, ജാട്ട് വോട്ടുകള്‍ ഈ സഖ്യത്തിന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയാകും. 2013 ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ മുസ്ലിങ്ങളും ജാട്ടുകളും രണ്ടു പക്ഷത്തായിരുന്നു.

എന്നാല്‍ കര്‍ഷകസമരം ഇവരെ ഒന്നിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാട്ട് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമം നടത്തുകയാണ് ബിജെപി. കഴിഞ്ഞാഴ്ച ജാട്ട് നേതാക്കളുമായി ബിജെപി നേതൃത്വം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.