പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കും

ന്യൂഡൽഹി: ഈ വർഷത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ ആകും ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഇന്ന് സർക്കാർ സഭയില്‍ വയ്ക്കും. നാളെ രാവിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും.

കോവിഡ് പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ലോക്‌സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചർച്ചയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചർച്ചയ്ക്കു മറുപടി പറയും.

അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.  പെഗസിസ് അടക്കമുള്ള വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.

2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ മന്ത്രാലയം പുറത്തിറക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.