"വൈരാഗ്യമേറിയൊരു വൈദികനാട്ടെ/യേറ്റവൈരിക്കുമുമ്പുഴറിയോടിയ ഭീരുവാട്ടെ/നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി/യാരാകിലെന്തു മിഴിയുളളവര്‍ നിന്നിരിക്കാം."
നേരേയും ചാരേയും താഴെയും മുകളിലും വിടര്‍ന്നു വിലസിനില്‍ക്കുന്ന വിശ്വപ്രപഞ്ചം എന്ന ഈ കലാവിസ്മയത്തിനുമുമ്പില്‍ മിഴിവിതുമ്പുന്ന കുമാരനാശാന്റെ 'വീണ പൂവി'ലെ ഈ മൊഴിമുഴക്കത്തിനു കാതു ചായ്ച്ചുകൊണ്ടാവട്ടെ, ലോക കലാസ്വാദന ദിന വിചിന്തനങ്ങള്‍.
വീണപൂവിനെപ്പറ്റിയുള്ള ആശാന്റെ വിലാപം, വീഴാത്ത പൂക്കളുടെ വിലയാണെന്ന അനുഭവത്തിന് കല എന്നും കലാസ്വാദനമെന്നും പേര്‍വിളിക്കാന്‍ മനസുള്ളവര്‍ക്കുള്ളതാണ്, ജനുവരി 31 എന്ന ലോക കലാസ്വാദന ദിനം.
കൊലയും കലാപവും കലുഷിതമാക്കുന്ന കാലിക കാഴ്ചകളുടെ കരി മേഘങ്ങള്‍ക്കിടയിലൂടെ ഓരോ മനുഷ്യരിലും പ്രപഞ്ചം എന്ന കലാസൃഷ്ടിയെയും അതിന്റെ സ്രഷ്ടാവിനെയും അനുസ്മരിക്കാനും അനുഭവിക്കാനും അതിശയിക്കാനുമുള്ള ഉള്‍വിളിയുണര്‍ത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
കല കലയ്ക്കുവേണ്ടിയാണെന്നും കല ജീവിതത്തിനുവേണ്ടിയാണെന്നും കല ജീവിതംതന്നെ യാണെന്നുമെല്ലാം വിശ്രുത കലാകാരന്മാരും കലാവിമര്‍ശകരും ചിന്തകള്‍ പങ്കിടുമ്പോള്‍ പ്രപഞ്ചം എന്ന ഈ മഹാകലാസൃഷ്ടിക്കു മുന്നില്‍ നിശ്ചലചേതസാവുകയാണ് നിസ്സാരനായ മനുഷ്യന്‍!
ഇന്നോളമുള്ള മനന ഖനനങ്ങളിലൊന്നും വിശ്വമെന്തെന്നറിഞ്ഞിട്ടില്ല മനുഷ്യന്‍. സൗരയൂഥമെ ത്രയെന്നറിഞ്ഞിട്ടില്ല. സൂര്യചന്ദ്രതാരങ്ങളെ അറിഞ്ഞിട്ടില്ല. ആകാശങ്ങള്‍ അളന്നിട്ടില്ല. കടലുകള്‍ അടക്കിയിട്ടില്ല, മഹാഗ്രഹങ്ങളുടെ അകലവും ചകവാളങ്ങളുടെ ശകലവും അറിഞ്ഞിട്ടില്ല.
വിശ്വപ്രപഞ്ചത്തിലെ ഒരു കടുകുപോലുള്ള ഈ ഭൂമിയെപ്പോലും അറിഞ്ഞിട്ടില്ല. ഒന്നുമാത്രമറിയാം മനുഷ്യന്; അറിഞ്ഞുതീരാത്തതാണ്, ഈ അനന്തതയും ഈ അപാരതയുടെ ഉണ്മയും എന്നുമാത്രം.
കല ഒരുവിലയാണ്. അറിയുന്നതിന് ഒരു വ്യക്തി നല്‍കുന്ന വിലയാണ് കല. അനുഭവത്തിനു നല്‍കുന്ന വിലമതിപ്പാണ് കല. ദൈവം എന്ന കലാകാരന്റെ വിഭവവും വൈഭവവുമാണ് ഈ പ്രപഞ്ചം. വിശേഷാല്‍ ഭവിക്കുന്നതാണ് വിഭവം. ഭാവവൈപുല്യമാണ് വൈഭവം. ഈ പ്രകൃതിയുടെ വിസ്മയ വിഭവശേഷികള്‍ മെനഞ്ഞതും അപാരമായ വൈഭവത്തോടെ ഓരോന്നും അവതരിപ്പിച്ചതും പ്രപഞ്ചസൃഷ്ടാവായ ഈശ്വരനാണ്.
അതിനാല്‍ മനുഷ്യന്‍ അറിഞ്ഞതിന്റെയും അറിയാനുള്ളതിന്റെയും ഉറവയായ ദൈവം വിഭവവും വൈഭവവുമാണ്. ഈ അടിസ്ഥാന അറിവിന്റെ നിറവിലാണ് കലാസ്വാദനത്തിന്റെ ഉറവ ഉണരുന്നത്.
എല്ലാം കലയാണ്. അനന്തമായ ആകാശം! അലയുന്ന ബഹുവര്‍ണ മേഘങ്ങള്‍! അന്തിച്ചോപ്പിന്റെ അപാരത. മഴവില്ലിന്റെ മാസ്മരികത. പാരാവാരത്തിന്റെ പരപ്പ്. ഏഴു നിറങ്ങള്‍. ഏഴു സ്വരങ്ങള്‍. പുലരിക്കാറ്റില്‍ അലസമായി മേയുന്ന മഞ്ഞുകണത്തിലും ഉള്‍പ്പുളകച്ചാര്‍ത്തില്‍ അറിയാതെ പായുന്ന കുഞ്ഞിന്റെ കണ്ണിലും കലയുണ്ട്. മഴയിലും പുഴയിലും മലയിലും ഇലയിലും കലയുണ്ട്, കലയേയുള്ളൂ.
ഓരോ മനുഷ്യനും കലാസൃഷ്ടിയാണ്. സ്രഷ്ടാവുമാണ്. മനുഷ്യന്റെ ഉടല്‍ എന്ന അത്ഭുതം! മരത്തിന്റെ ഉടലും മൃഗത്തിന്റെ ഉടലും മത്സ്യത്തിന്റെ ഉടലും അത്ഭുതം! ഓരോ സൃഷ്ടിയും പൂര്‍ണമാണ്... ഭൂമി പൂര്‍ണമാണ്... പൂവ് പൂര്‍ണമാണ്... പുല്ല് പൂര്‍ണമാണ്... അനുപമമായ വിഭവവൈഭവത്തിന്റെ വികാസവിലാസങ്ങള്‍!
നിന്റെ ചിരിയില്‍ കലയുണ്ട്. കണ്ണില്‍ കലയുണ്ട്. കണ്ണീരില്‍ കലയുണ്ട്, സ്വന്തം സ്വത്വത്തില്‍ വിശ്വകലാകാരന്റെ വിരല്‍സ്പര്‍ശത്തിന്റെ തുടിപ്പറിഞ്ഞവര്‍ മനുഷ്യചേതനയെ വിസ്മയിപ്പിച്ച കലാകാരന്മാരായിട്ടുണ്ട്. കവിതയെഴുതുന്ന കവിയിലും കഞ്ഞികോരുന്ന അമ്മയുടെ തവിയിലും കലയുണ്ട്. മണ്ണുകോരുന്ന തൂമ്പയിലും മണ്ണിലോടുന്ന ഉറുമ്പിലും കലയുണ്ട്.
നമുക്ക് കണ്ണുതുറക്കാം. മനസു തുറക്കാം. വെറുതെ നോക്കിയാല്‍ പോര, കാണണം. വെറും നോട്ടമല്ല, ബോധപൂര്‍വമായ നോട്ടമാണ് കാഴ്ച. കാഴ്ചയാണ് കാഴ്ചപ്പാടുകളുടെ അടിസ്ഥാനം. കല കാഴ്ചപ്പാടിന്റെ പുറംപതിപ്പാണ്. ആസ്വാദനം കാഴ്ചപ്പാടിന്റെ അകംപതിപ്പാണ്. നമുക്ക് ഈ പ്രപഞ്ചത്തെ ബോധപൂര്‍വ്വം നോക്കാം. സര്‍വേശ്വരന്റെ കലാവിലാസത്തില്‍ വിസ്മയിക്കാം, വിസ്മയിച്ചുകൊണ്ടേയിരിക്കാം.
ഫാ. റോയ് കണ്ണന്‍ചിറ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍നിന്ന്.
ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.