കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരീ ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്.
നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് കോടതിയോട് ആവശ്യപ്പെടുക.
മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായാണ് തിരികെ ദിലീപിന് ലഭിച്ചത്. തിരികെ ലഭിച്ചാല്‍ കോടതി നിര്‍ദേശ പ്രകാരം ഫോണുകള്‍ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നാണ് ദിലീപിന്റെ വാദം. നാലാമത്തെ ഫോണ്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിര്‍ണായകമായ നാലാമത്തെ ഫോണ്‍ ദിലീപ് ഒളിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും കണ്ടെത്തിയതായി സൂചനയുണ്ട്. ഒളിപ്പിച്ച ഫോണ്‍ ദിലീപ് ഉപയോഗിച്ചതിന്റെ ഫോണ്‍വിളി രേഖകളും (സിഡിആര്‍) അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും.
യുവനടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണു കേസ്. ഇതിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി.അനൂപ്, സഹോദരീ ഭര്‍ത്താവും മൂന്നാം പ്രതിയുമായ ടി.എന്‍.സുരാജ് എന്നിവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പരിശോധിച്ചാല്‍ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണ് ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.