സിഡ്‌നി: ഓസ്ട്രേലിയന്‍ വാഹന വിപണിയില്‍ കുതിപ്പുമായി ഇലക്ട്രിക് കാറുകള്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി 2.39 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ടെസ്‌ലയുടെ മോഡല്‍ 3 കാറുകളാണ് വില്‍പനയില്‍ മുന്നിലെത്തിയത്.
വര്‍ഷങ്ങളോളമുള്ള വിപണിയിലെ തണുപ്പന്‍ പ്രകടനത്തിനു ശേഷമാണ് ഓസ്‌ട്രേലിയയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വില്‍പനയില്‍ ഉണര്‍വു പ്രകടമാകുന്നത്. ഇലക്ട്രിക് വാഹന വില്‍പന പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളാണ് വിപണിയില്‍ അനുകൂല തരംഗമുണ്ടാക്കിയത്.
2021-ല്‍ 24,078 ഇലക്ട്രിക് കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2020-ല്‍ വെറും 6,900 വാഹനങ്ങള്‍ വിറ്റഴിച്ച സ്ഥാനത്താണ് പോയ വര്‍ഷം വലിയ കുതിപ്പുണ്ടായത്. പുതിയ കാറുകളുടെ വില്‍പനയില്‍ 2.39 ശതമാനം വിഹിതമാണ് ഇലക്ട്രിക് കാറുകള്‍ക്കുളളത്.
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ മോഡല്‍ 3 ആണ് ഓസ്ട്രേലിയയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍. കഴിഞ്ഞ വര്‍ഷം ടെസ്‌ലയുടെ 15,054 വാഹനങ്ങള്‍ വിറ്റഴിച്ചു. രാജ്യത്ത് വിറ്റഴിച്ച മൊത്തം ഇലക്ട്രിക് വാഹനങ്ങളുടെ 62.5 ശതമാനമാണിത്. MG ZS ആണ് തൊട്ടുപിന്നില്‍-1,388 കാറുകള്‍. മൂന്നാം സ്ഥാനം മിത്സുബിഷി ഔട്ട്ലാന്‍ഡറിനാണ്-592 എണ്ണം.
2021-ല്‍ ലോകമെമ്പാടും 936,172 ഇലക്ട്രിക് കാറുകളാണ് ടെസ്‌ല വിതരണം ചെയ്തത്.
സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുകയും ആകര്‍ഷകമായ കിഴിവുകളും ഉള്‍പ്പെടെ വില്‍പന പ്രോത്സാഹിപ്പിക്കാന്‍ വിവിധ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും ടെറിട്ടറികളും ആവിഷ്‌കരിച്ച പദ്ധതികളാണ് വിപണിയിലെ ഈ ഉത്തേജനത്തിന് കാരണമെന്ന് ഇലക്ട്രിക് വെഹിക്കിള്‍ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ബെഹ്യാദ് ജാഫരി പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ് ലന്‍ഡ്, വിക്ടോറിയ, ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാര്‍ വില്‍പന വര്‍ധിച്ചത്.
അതേസമയം, വിപണിയില്‍ 2.39 ശതമാനം ഇലക്ട്രിക് കാറുകളാണെങ്കിലും ഓസ്ട്രേലിയയില്‍ ഈ ശ്രേണിയിലെ വാഹന വില്‍പ്പന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴും മുതല്‍മുടക്ക് കൂടുതലാണെന്നതാണ് ഉപഭോക്താക്കളെ പിന്നോട്ടു വലിക്കാന്‍ കാരണം. ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കിയാല്‍ വില്‍പന ഇനിയും കൂടുമെന്ന് ബെഹ്യാദ് ജാഫരി പറയുന്നു.
പടിഞ്ഞാറന്‍ യൂറോപ്പില്‍ കാര്‍ വിപണിയുടെ 11.2 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. പുതിയ കണക്കുകള്‍ പ്രകാരം, ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആദ്യമായി ഡീസല്‍ വാഹനങ്ങളെ മറികടന്നു.
കാര്‍ബണ്‍ പുറന്തള്ളല്‍ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതും വിവിധ ആനുകൂല്യങ്ങളുമടക്കം ഓരോ രാജ്യവും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നയപരമായ ഇടപെടലുകളാണ് ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന വില്‍പനയിലെ വളര്‍ച്ചയ്ക്ക് കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.