കാന്‍ബറ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍, ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ 2-നെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ ഒന്നര ഇരട്ടിയിലേറെ പകര്‍ച്ച ശേഷി കൂടിയ ഈ പുതിയ വൈറസ് ഓസ്‌ട്രേലിയയില്‍ വ്യാപിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ബി.എ 2 കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ കഴിഞ്ഞ മാസം ക്വീന്‍സ്ലന്‍ഡിലെ ഒരു രോഗിയിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്.
ആഗോളതലത്തില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ 98.8 ശതമാനവും ഒമിക്രോണ്‍ ബി.എ-1 ആണെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍, ഏതാനും രാജ്യങ്ങളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ-2 റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതുകൂടാതെ ഒമിക്രോണിന് മറ്റ് രണ്ട് ഉപവകഭേദങ്ങള്‍ കൂടി ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. ബി.എ-1.1.529, ബി.എ-3 എന്നിവയാണ് അവ. വൈറസിന് ചെറിയ ജനിതക വകഭേദങ്ങള്‍ സംഭവിച്ചാണ് ഇവ രൂപാന്തരപ്പെട്ടത്.   
ബി.എ 2 ഉപ വകഭേദം രോഗിയില്‍ കൂടുതല്‍ ഗുരുതരാവസ്ഥയ്ക്കു കാരണമാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നു ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ മൈക്കല്‍ കിഡ് പറഞ്ഞു. ചില സ്ഥലങ്ങളില്‍ ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ ബി.എ 2 വ്യാപിക്കുന്നു. പ്രാഥമിക വിവരങ്ങള്‍ വെച്ച് ഇത് സങ്കീര്‍ണമായ രോഗാവസ്ഥക്ക് കാരണമാകുന്നില്ലെന്നും വാക്‌സിനുകളെ ഈ ഉപവകഭേദം മറികടക്കുമോയെന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.    
യുകെയില്‍ ഒമിക്രോണിന്റെ മറ്റു വകഭേദങ്ങളേക്കാള്‍ വളരെ വേഗത്തിലാണ് ബി.എ 2 വ്യാപിക്കുന്നത്. ഡെന്മാര്‍ക്കില്‍ ഇപ്പോള്‍ ഏറ്റവും അധികം വ്യാപിക്കുന്നത് ഈ പുതിയ ഉപ വകഭേദമാണ്. 
അതിനിടെ,നാലു ദശലക്ഷം ഓസ്ട്രേലിയന്‍ പൗരന്മാര്‍ കൂടി ഇന്ന് കോവിഡ് ബൂസ്റ്ററിന് അര്‍ഹരായതായി ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസും മൂന്നാമത്തെ കുത്തിവയ്പ്പും സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മാസത്തില്‍നിന്ന് ഇന്നു മുതല്‍ മൂന്നായി കുറച്ചതായി മന്ത്രി അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.