സിഡ്‌നി: ടോംഗയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഓസ്ട്രേലിയന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലിന് വൈദ്യുതി തകരാര്‍. HMAS അഡ്ലെയ്ഡ് എന്ന കപ്പലിനാണ് വൈദ്യുതി തകരാറുണ്ടായത്. പസഫിക് സമുദ്രത്തിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെതുടര്‍ന്ന് സുനാമി വന്‍ നാശം വിതച്ച ദ്വീപ് രാജ്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് കപ്പലിന് തകരാറുണ്ടായത്.
ദിവസങ്ങളോളം അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും ഇപ്പോഴും പ്രശ്‌നങ്ങള്‍ തുടരുകയാണ്. വൈദ്യുതി തകരാര്‍ മൊത്തത്തില്‍ കപ്പലിനെ ബാധിച്ചതിനാല്‍ ടോംഗ തീരത്തുതന്നെ കുടുങ്ങിക്കിടക്കുകയാണ്.
ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്‌നിപര്‍വ്വതം കഴിഞ്ഞ 14-നാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നുണ്ടായ സുനാമിത്തിരകളില്‍ മൂന്നു പേര്‍ മരിക്കുകയും രാജ്യത്ത് വലിയ നാശമുണ്ടാവുകയും ചെയ്തു.
അഗ്‌നിപര്‍വതത്തില്‍നിന്നുള്ള ചാരം അന്തരീക്ഷത്തിലും ശുദ്ധജലത്തിലും കലര്‍ന്ന് ജനജീവിതം ദുസഹമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിമാനങ്ങളും കപ്പലുകളും ടോംഗയില്‍ എത്തിച്ചിരുന്നു.
തകരാറിലായ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും കപ്പല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമായി മറൈന്‍ ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിണഞ്ഞു പരിശ്രമിക്കുകയാണ്. നാവികര്‍ സുരക്ഷിതരാണെങ്കിലും പുറത്തേക്കുള്ള ആശയവിനിമയം സാധ്യമാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ യാതൊരു ജോലികളും നടക്കാത്ത അവസ്ഥയാണ്. ബാക്കപ്പ് പവര്‍ ഉള്‍പ്പെടെയാണ് തകരാറിലായത്.
കപ്പലിലെ എല്ലാ ജീവനക്കാരുടെയും ക്ഷേമം ഫെഡറല്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വാണിജ്യ മന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു.
ഓസ്ട്രേലിയയില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ കപ്പലില്‍ കോവിഡ് രോഗബാധയുണ്ടായതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എങ്കിലും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനായി HMAS അഡ്ലെയ്ഡിന് ടോംഗയില്‍ നങ്കൂരമിടാന്‍ അനുമതി ലഭിച്ചിരുന്നു.
കോവിഡ് ബാധിച്ച നിരവധി ജീവനക്കാര്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം രോഗമുക്തരായി ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
കപ്പലിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തകരാര്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാണിജ്യ മന്ത്രി ഡാന്‍ ടെഹാന്‍ പറഞ്ഞു. അതേസമയം അഗ്നി പര്‍വ്വത സ്‌ഫോടനവും സുനാമിയും വലിയ നാശം വിതച്ച ദ്വീപ് രാജ്യത്തിലെ രക്ഷാപ്രവര്‍ത്തനത്തെ കപ്പലിന്റെ തകരാര്‍ ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26