മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാര നേട്ടവുമായി മലയാളി പി.ആര്‍ ശ്രീജേഷ്

മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ്  പുരസ്‌കാര നേട്ടവുമായി മലയാളി പി.ആര്‍ ശ്രീജേഷ്


ന്യൂഡല്‍ഹി : മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിന്. കഴിഞ്ഞ വര്‍ഷത്തെ ടോക്യോ ഒളിമ്പിക്സില്‍ ഉള്‍പ്പെടെയുള്ള പ്രകടനം പരിഗണിച്ചാണ് അത് ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ശ്രീജേഷിന് നല്‍കിയത്. വേള്‍ഡ് ഗെയിംസ് പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ശ്രീജേഷ്.

സ്‌പെയിനിന്റെ സ്‌പോര്‍ട്‌സ് ക്ലൈമ്പര്‍ ആല്‍ബെര്‍ട്ടോ ജിനസ് ലോപ്പസിനെയും, ഇറ്റലിയുടെ വുഷു താരം മിഷേല്‍ ജിയോര്‍ഡാനോയെയും വോട്ടെടുപ്പിലൂടെ പിന്തള്ളിയാണ് ശ്രീജേഷ് പുരസ്‌കാരം നേടിയത്. ഇന്ത്യന്‍ ഹോക്കി താരം 1,27,647 വോട്ടുകള്‍ നേടിയപ്പോള്‍ ലോപ്പസിനും, ജിയോര്‍ഡാനോയ്ക്കും യഥാക്രമം 67,428, 52,046 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

ലോകോത്തര ഗോള്‍ കീപ്പറായ ശ്രീജഷ് 2004 ലാണ് ജൂനിയര്‍ നാഷണല്‍ ടീമില്‍ ഇടം നേടുന്നത്. 2006 ല്‍ സീനിയര്‍ നാഷണല്‍ ഗെയിമില്‍ പങ്കെടുത്തു. 2013ലെ ഏഷ്യാ കപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗവും 2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു ശ്രീജേഷ്.

2021 ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടാന്‍ ശ്രീജേഷ് നിര്‍ണായക പങ്ക് വഹിച്ചു. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഹോക്കിയില്‍ മെഡല്‍ ലഭിക്കുന്നത്. 2017 ല്‍ പത്മശ്രീയും 2015 ല്‍ അര്‍ജുന പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു ശ്രീജേഷിനെ.

'ഈ അവാര്‍ഡ് നേടാനായതില്‍ വളരെയധികം അഭിമാനമുണ്ട്. ഇത് നല്‍കാന്‍ എന്നെ പരിഗണിച്ചതില്‍ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് നന്ദി അറിയിക്കുന്നു' - ശ്രീജേഷ് പറഞ്ഞു. തന്നെ വോട്ട് ചെയ്ത് പിന്തുണച്ച ലോകമെമ്പാടുമുളള ഇന്ത്യന്‍ ഹോക്കി പ്രേമികള്‍ക്കും ഒരായിരം നന്ദിയെന്ന് താരം വ്യക്തമാക്കി. 2020 ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാലും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.


https://twitter.com/TheHockeyIndia?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.