അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 02
ഉണ്ണിയേശുവിന്റെ ജനനത്തിന് നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ് തിരുസഭ ഇന്ന്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുന്നതും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധന ക്രമങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇത് 'കാന്‍ഡില്‍ മാസ്' ദിനം എന്നും അറിയപ്പെടുന്നു.
വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ച് ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിച്ചുണ്ട്. ക്രിസ്തുമസിന്റെ അലങ്കാരങ്ങളും പുല്‍ക്കൂടും ഈ തിരുനാള്‍ വരെ നിലനിര്‍ത്തുന്ന പതിവും പല ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ദൈവ കുമാരനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് തിരുപ്പിറവി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് കണക്കാക്കുന്നത്.
പഴയ ആചാരമനുസരിച്ച് ആദ്യജാതനായ യേശുവിനെ അനുഗ്രഹീതയായ അമ്മയും വിശുദ്ധ ഔസേപ്പിതാവും ചേര്‍ന്ന് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘു സ്‌തോത്രങ്ങളും ശിമയോന്റെ വാക്കുകളും പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി ശിശുവായ യേശു, മിശിഖായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍.
ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും പ്രദിക്ഷിണവും നടത്തുന്നത്. മധ്യ കാലഘട്ടങ്ങളില്‍ 'പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ' അല്ലെങ്കില്‍ 'കാന്‍ഡില്‍ മാസ്' തിരുനാളിന് വളരെയേറെ പ്രാധാന്യം ഉണ്ടായിരുന്നു.
ശിമയോനും അന്നയും തങ്ങളുടെ ജീവിതം പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമായി സമര്‍പ്പിച്ച ആദരണീയരും വൃദ്ധരുമാണ്. അവരുടെ ശക്തമായ ആത്മീയ ജീവിതം അവര്‍ക്ക് മിശിഖായെ തിരിച്ചറിയുവാന്‍ കഴിവുള്ളവരാക്കി തീര്‍ത്തു. ഈ അര്‍ത്ഥത്തില്‍ യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് 'പ്രാര്‍ത്ഥിക്കുന്നവരുടെ ദിനത്തിന്റെ' ഒരു അനുബന്ധമായി കാണാവുന്നതാണ്.
ആദരണീയനായ ശിമയോന്‍ എന്ന വ്യക്തിയിലൂടെ യേശുവിന്റെ ദേവാലയ സമര്‍പ്പണ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ധ്യാനം വെറുതെ സമയം പാഴാക്കലോ, കാരുണ്യത്തിന്റെ മാര്‍ഗത്തിലെ തടസമോ അല്ല എന്നാണ്. പ്രാര്‍ത്ഥനയേക്കാളും കൂടുതല്‍ ഉപയോഗ പ്രദമായി സമയം ചിലവഴിക്കുവാന്‍ സാധ്യമല്ല. കഠിനമായ ആന്തരിക ജിവിതത്തിന്റെ അനന്തര ഫലമാണ് യാഥാര്‍ത്ഥ ക്രിസ്തീയ കാരുണ്യം.
ശിമയോനേയും അന്നായേയും പോലെ പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ചെയ്യുന്നവര്‍ ആത്മാവില്‍ ജീവിക്കുവാന്‍ കഴിവുള്ളവരാണ്. അവര്‍ക്ക് ദൈവപുത്രന്‍ സ്വയം വെളിപ്പെടുത്തുന്ന അവസരങ്ങളില്‍ ദൈവപുത്രനെ എങ്ങിനെ തിരിച്ചറിയണമെന്നറിയാം. കാരണം അഗാധമായ ആന്തരിക ദര്‍ശനം അവര്‍ക്ക് സിദ്ധിച്ചിട്ടുണ്ട്. കൂടാതെ കാരുണ്യമുള്ള ഹൃദയത്തോടുകൂടി എങ്ങിനെ സ്‌നേഹിക്കണമെന്ന് അവര്‍ പഠിച്ചിട്ടുണ്ട്.
സുവിശേഷത്തിന്റെ അവസാനത്തില്‍ പരിശുദ്ധ മാതാവിന്റെ സഹനത്തെപ്പറ്റിയുള്ള ശിമയോന്റെ പ്രവചനം എടുത്ത് കാട്ടുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ പ്രബോധനമനുസരിച്ച് ശിമയോന്റെ വാക്കുകള്‍ പരിശുദ്ധ മറിയത്തിനുള്ള ഒരു രണ്ടാം വിളംബരമാണ്.
ആരാധനാ ദിനസൂചികയില്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് 'അനുഗ്രഹീതയായ കന്യകാ മേരിയുടെ ശുദ്ധീകരണം' എന്നാണ്. പ്രസവത്തിനു ശേഷം യഹൂദ വനിതകളുടെ ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റിയുള്ള മറ്റൊരു വീക്ഷണത്തേയും ഈ കാഴ്ചവെപ്പ് പരാമര്‍ശിക്കുന്നു. മറിയത്തിന്റെ കാര്യത്തില്‍ ഈ ശുദ്ധീകരണം ആവശ്യമുള്ളതല്ല. എന്നാല്‍ അവള്‍ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുവാനായി തന്നെ തന്നെ നവീകരിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ശിമയോന്റെ പ്രവചനം വെളിപ്പെടുത്തുന്നത് യേശു 'വൈരുധ്യത്തിന്റെ' അടയാളമാണ് എന്നാണ്. അലെക്‌സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍ തന്റെ പ്രസംഗങ്ങളിലൊന്നില്‍ 'വൈരുധ്യത്തിന്റെ അടയാളം' എന്ന ഈ വാക്കുകളെ 'മഹത്തായ കുരിശ്'' എന്നാണ് വ്യാഖ്യാനിക്കുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഫ്‌ളാന്റേഴ്‌സിലെ അഡള്‍ബാള്‍ഡ്
2. റോമന്‍കാരനായ അപ്രോണിയന്‍
3. സാക്‌സനിലെ ബ്രൂണോയും കൂട്ടുകാരും
4. ഫ്രാങ്കിഷ് രാജകുമാരിയായ അഡെലോഗാ.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.