വാഷിംഗ്ടണ്‍: 2021-ല്‍ യു.എസില്‍ നിത്യവ്രത വാഗ്ദാനമെടുത്ത സമര്‍പ്പിത സന്യാസികളും സന്യാസിനികളും പൊതുവേ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍. സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവ വിളി താരതമ്യേന ചെറുപ്പത്തില്‍ തന്നെ സ്വീകരിക്കാന്‍ ഇച്ഛിച്ചവരും സ്വീകരിച്ചവരുമാണ് ഇവരില്‍ ഭൂരിഭാഗവുമെന്നും പുതിയ സര്‍വേയില്‍ കണ്ടെത്തി.
സമര്‍പ്പിത ജീവിതത്തിനായുള്ള വാര്‍ഷിക ലോക പ്രാര്‍ത്ഥനാ ദിന(ഫെബ്രുവരി 2) ആഘോഷത്തിന് മുന്നോടിയായാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റി അപ്പോസ്തോലേറ്റിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. യുഎസ് ബിഷപ്പ്സ് കമ്മിറ്റി നിയോഗിച്ചതനുസരിച്ചായിരുന്നു സര്‍വേ നടത്തിയത്. 1997-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതാണ് സമര്‍പ്പിത ജീവിതത്തിനായുള്ള ലോക പ്രാര്‍ത്ഥനാ ദിനം.
സര്‍വേക്കു വേണ്ടി 742 മേജര്‍ സുപ്പീരിയര്‍മാരെയാണ് ബന്ധപ്പെട്ടത്. 547 പേരില്‍ നിന്ന് പ്രതികരണം ലഭിച്ചു. 2021-ല്‍ ആകെ നിത്യവ്രത വാഗ്ദാനമെടുത്തത് 182 പേരായിരുന്നു.ഇതില്‍ 62 കന്യാസ്ത്രീകളും 60 വൈദികരും സര്‍വേയോട് പ്രതികരിച്ചു.
ദൈവവിളിയിലേക്കു തിരിയാന്‍ ആരെങ്കിലും തങ്ങളെ പ്രോത്സാഹിപ്പിച്ചതായി പ്രതികരിച്ചവരില്‍ 90 % പേരും പറഞ്ഞു. പ്രത്യേകിച്ചും, ഒരു ഇടവക വികാരി, സുഹൃത്ത്, അമ്മ അല്ലെങ്കില്‍ ഇടവകാംഗം എന്നിവരാല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ്. സമര്‍പ്പിത ജീവിത പരിശീലനത്തിനു പ്രവേശിക്കും മുമ്പ് അഞ്ചില്‍ നാലു പേരും ലോക യുവജനദിനം ഉള്‍പ്പെടെ (18 %) ഒന്നോ അതിലധികമോ മതപരമായ പരിപാടികളിലോ പ്രവര്‍ത്തനങ്ങളിലോ പങ്കെടുത്തിട്ടുണ്ട്.
ശരാശരി പ്രായം 37
കണ്ടെത്തലുകള്‍ അനുസരിച്ച്, ശരാശരി 19 വയസ്സിലാണ് അവര്‍ സമര്‍പ്പിത ജീവിതത്തിനായുള്ള പരിശീലനത്തിനു ചേര്‍ന്നത്. പ്രതികരിച്ചവരുടെ ശരാശരി പ്രായം 37. അവരില്‍ പകുതിയും 34 വയസോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. മൊത്തത്തില്‍ 24 മുതല്‍ 70 വരെ വയസുള്ളവരാണ് സര്‍വേയോടു പ്രതികരിച്ചത്.
2021-ല്‍ പുതുതായി നിത്യവ്രത വാഗ്ദാനമെടുത്തവരുടെ ഉന്നത വിദ്യാഭ്യാസ യോഗ്യത സര്‍വേയില്‍ വ്യക്തം. കുറഞ്ഞത് ഒരു ബാച്ചിലേഴ്‌സ് ബിരുദത്തോടെയാണ് 70% പേര്‍ പരിശീലനത്തിനു ചേര്‍ന്നത്. പത്തില്‍ രണ്ടു പേര്‍ ചേരുന്നതിന് മുമ്പ് ഗ്രാഡുവേറ്റ് ബിരുദം നേടി. പുതിയതായി അമേരിക്കയില്‍ നിത്യവ്രത വാഗ്ദാനമെടുത്ത നാലില്‍ മൂന്നു പേരും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ചവരാണ്. വിദേശ വംശജരില്‍ കൂടുതല്‍ പേരും ജനിച്ചത് വിയറ്റ്‌നാം അല്ലെങ്കില്‍ ഫിലിപ്പീന്‍സില്‍.
വിദേശ വംശജരില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്ത് ജനിച്ചവര്‍ ശരാശരി 23 വയസ്സില്‍ ആദ്യമായി അമേരിക്കയില്‍ വന്ന് 15 വര്‍ഷം താമസിച്ച ശേഷമാണ് നിത്യവ്രത വാഗ്ദാനമെടുത്തിട്ടുള്ളത്. സര്‍വേയുടെ കൂടുതല്‍ വിശദാംശങ്ങള്‍ യു.എസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.
ദാരിദ്ര്യത്തിന്റെയും പവിത്രതയുടെയും അനുസരണത്തിന്റെയും ജീവിതം നയിക്കുന്ന സമര്‍പ്പിതരായ സ്ത്രീപുരുഷന്മാരുടെ നല്ല മാതൃക എല്ലാ വിശ്വാസികളെയും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരാന്‍ പ്രചോദിപ്പിക്കുമെന്ന് വൈദികര്‍, സമര്‍പ്പിത ജീവിതം, ദൈവവിളി എന്നിവയ്ക്കായുള്ള യു.എസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് എഫ്. ചെച്ചിയോ ഈ വര്‍ഷത്തെ ലോക പ്രാര്‍ത്ഥനാ ദിന ആഘോഷത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26