അര്‍ജന്റീനയില്‍ മായം കലര്‍ന്ന ലഹരി മരുന്നു കഴിച്ച് 16 മരണം;50 പേര്‍ ആശുപത്രികളില്‍

  അര്‍ജന്റീനയില്‍ മായം കലര്‍ന്ന ലഹരി മരുന്നു കഴിച്ച് 16 മരണം;50 പേര്‍ ആശുപത്രികളില്‍

ബ്യൂണസ് ഐറിസ് : അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് മേഖലയില്‍ മായം കലര്‍ന്ന ലഹരി മരുന്നു കഴിച്ച് 16 പേര്‍ മരിച്ചു. 50 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

നിയമവിരുദ്ധമായി വിതരണം ചെയ്ത 'കൊക്കെയ്‌നി'ല്‍ വീര്യം കൂട്ടാന്‍ ഏതെങ്കിലും തരത്തിലുള്ള വിഷം കലര്‍ത്തിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷകര്‍.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊക്കെയ്ന്‍ വാങ്ങിയ ഉപയോക്താക്കളോട് അത് നശിപ്പിക്കാന്‍ പ്രവിശ്യയിലെ സുരക്ഷാ മന്ത്രി സെര്‍ജിയോ ബെര്‍ണി ആവശ്യപ്പെട്ടു.വിഷം കലര്‍ന്ന മയക്കുമരുന്ന് ഒരേ സ്ഥലത്തുനിന്നാണ് നിന്നാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊക്കെയ്‌നില്‍ കലര്‍ത്തിയ പദാര്‍ത്ഥത്തില്‍ ശക്തമായ സെഡേറ്റീവ് അടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു.ഇതുമൂലം ഇരകള്‍ക്ക് പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടായതായാണ് നിഗമനം.അത്യധികം വീര്യമേകുന്ന ഉത്തേജകമാണ് കൊക്ക ചെടികളുടെ ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കൊക്കൈന്‍ (ഹൈഡ്രോക്ലോറൈഡ്).

തലസ്ഥാന മേഖലയിലെ ഹര്‍ലിംഗ്ഹാം, ട്രെസ് ഡി ഫെബ്രറോ, സാന്‍ മാര്‍ട്ടിന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഇരകളായത്.റെയ്ഡില്‍ പിടിച്ചെടുത്ത മയക്കുമരുന്ന് പോസ്റ്റ്മോര്‍ട്ടം ഫലങ്ങള്‍ വന്ന ശേഷം താരതമ്യ പരിശോധനയ്ക്കു വിധേയമാക്കും.ഹര്‍ലിംഗ്ഹാമിലെ ഒരു ആശുപത്രിക്ക് പുറത്ത് ഇരകളുടെ ബന്ധുക്കള്‍ ആളൊഴിഞ്ഞ പോലീസ് കാര്‍ ആക്രമിക്കുകയും കേടുവരുത്തുകയും ചെയ്തു.

മയക്കുമരുന്ന് ഉപഭോഗത്തെക്കുറിച്ചുള്ള 2019 ലെ ഒരു അമേരിക്കന്‍ റിപ്പോര്‍ട്ട് പ്രകാരം യു.എസിനും ഉറുഗ്വേയ്ക്കും ശേഷം പ്രതിശീര്‍ഷ കൊക്കെയ്ന്‍ ഉപഭോഗ നിരക്ക് ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് അര്‍ജന്റീന.

സുരക്ഷാ മന്ത്രി സെര്‍ജിയോ ബെര്‍ണി പറഞ്ഞു: 'കൊക്കെയ്ന്‍ വാങ്ങുന്ന ഓരോ ഡീലറും അതിന് വീര്യം ഉയര്‍ത്തുന്നു. ചിലര്‍ അന്നജം കലര്‍ന്ന വിഷരഹിത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മറ്റുള്ളവര്‍ ഹാലുസിനോജനുകള്‍ ഇടുന്നു. നിയന്ത്രണമില്ലെങ്കില്‍, കാര്യങ്ങള്‍ കൈവിട്ടു പോകും.'മയക്കുമരുന്ന് കടത്തുകാര് തമ്മിലുള്ള കടുത്ത മല്‍സരത്തിന്റെ ഭാഗവുമാകാം ദുരന്തമെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.