മെല്‍ബണ്‍: കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യമില്ലാത്ത, മുന്‍കൂട്ടി നിശ്ചയിച്ച സര്‍ജറികള്‍ (ഇലക്റ്റീവ് സര്‍ജറി) ഉടന്‍ നടത്താനുള്ള ഡോക്ടര്‍മാരുടെ നീക്കത്തില്‍ എതിര്‍പ്പുമായി ഓസ്‌ട്രേലിയയിലെ നഴ്‌സുമാരുടെ സംഘടന. ആശുപത്രികളില്‍ സര്‍ജറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം, അമിത ജോലി ഭാരത്താല്‍ തളര്‍ന്ന നഴ്‌സുമാരുടെ ദുരവസ്ഥ പരിഗണിച്ച് പിന്‍വലിക്കരുതെന്നാണ് വിക്ടോറിയന്‍ നഴ്സസ് യൂണിയന്‍ ആവശ്യപ്പെടുന്നത്.
കോവിഡ് മൂലം മാറ്റിവെച്ച സര്‍ജറികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ഡോക്ടര്‍മാര്‍ സംസ്ഥാന-ഫെഡറല്‍ സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ച സാഹചര്യത്തിലാണ് നഴ്‌സുമാരുടെ സംഘടന ഇതിനെതിരേ രംഗത്തുവന്നത്. ജോലി ഭാരം മൂലം തളര്‍ന്നുപോയ നഴ്‌സുമാര്‍ക്ക് അല്‍പം സാവകാശം നല്‍കാന്‍ ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിയ തീരുമാനം തുടരണമെന്നാണ് ആവശ്യം.
വിക്ടോറിയയില്‍, കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ നടത്തുന്നത് ഫെബ്രുവരി പകുതി വരെ നിര്‍ത്തിവച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഡോക്ടര്‍മാരുടെ സംഘടനകളായ ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷനും (എ.എം.എ) റോയല്‍ ഓസ്ട്രലേഷ്യന്‍ കോളജ് ഓഫ് സര്‍ജന്‍സും (ആര്‍.എ.സി.എസ്.) നേരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുസംഘടനകളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, ഈ തീരുമാനം കൂടുതല്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് ആവശ്യപ്പെട്ടു.
'ഇലക്റ്റീവ് സര്‍ജറികളില്‍ പ്രാധാന്യമുള്ളവ നടത്താന്‍ ഒരു അടിയന്തര പദ്ധതി ആവശ്യമാണെന്ന് എ.എം.എ പ്രസിഡന്റ് ഡോ. ഒമര്‍ ഖോര്‍ഷിദ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഇപ്പോഴും പരാജയമാണെന്ന് സര്‍ജറികള്‍ നീണ്ടു പോകുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി എ.എം.എ കുറ്റപ്പെടുത്തി.
കാററ്റഗി മൂന്ന് വിഭാഗത്തില്‍ വരുന്ന ശസ്ത്രക്രിയകളാണ് സര്‍ക്കാര്‍ പ്രധാനമായും നീട്ടി വച്ചത്. അതായത് ഒരു വര്‍ഷത്തിനുള്ളില്‍ നടത്തേണ്ട, പെട്ടെന്ന് വഷളാകാത്ത രോഗാവസ്ഥയ്ക്കുള്ള സര്‍ജറികള്‍. കാറ്റഗറി രണ്ടില്‍പെടുന്ന, 90 ദിവസത്തിനുള്ളില്‍ നടത്തേണ്ട ശസ്ത്രക്രിയകളും മാറ്റിവച്ചവയില്‍ ഉള്‍പ്പെടെുന്നു.
ഈ ശസ്ത്രക്രിയകള്‍ 'ഓപ്ഷണല്‍' ആയി കരുതാനാവില്ലെന്ന് ആര്‍.എ.സി.എസ്. പ്രസിഡന്റ് ഡോ. സാലി ലാംഗ്ലി പറഞ്ഞു.
രോഗികള്‍ ഓപ്പറേഷനായി കാത്തിരിക്കുമ്പോള്‍ വീണ്ടും നീട്ടിവയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് ഡോക്ടര്‍മാരുടെ വാദം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മുന്‍ഗണനാക്രമം അനുസരിച്ച് ഇലക്റ്റീവ് സര്‍ജറികള്‍ പുനരാരംഭിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
അതേസമയം ഫെബ്രുവരി പകുതി വരെ സര്‍ജറികള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കരുതെന്നാണ് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്റെ വിക്ടോറിയന്‍ ബ്രാഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
കോവിഡ് സൃഷ്ടിച്ച ജോലി ഭാരം മൂലം നഴ്സുമാര്‍ ക്ഷീണിതരാണ്. ഇതുകൂടാതെ വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ നഴ്‌സുമാരുടെ ഗുരുതരമായ ക്ഷാമം അനുഭവപ്പെടുന്നതായി ഫെഡറേഷന്റെ ആക്ടിംഗ് സെക്രട്ടറി പോള്‍ ഗില്‍ബെര്‍ട്ട് പറഞ്ഞു. ശസ്ത്രക്രിയകള്‍ മാറ്റിവച്ചതു മൂലമാണ് ജീവനക്കാരെ പുനര്‍വിന്യസിച്ച് പ്രശ്‌നം പരിഹരിക്കുന്നത്.
ഒമിക്രോണ്‍ ആശുപത്രികളെ അമിത സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യത്തില്‍ വിക്ടോറിയയില്‍ കോഡ് ബ്രൗണ്‍ നിലനില്‍ക്കുകയാണ്. അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കാനും അടിയന്തര സ്വഭാവമില്ലാത്ത ചികിത്സകള്‍ നീട്ടിവയ്ക്കാനും അധികാരം നല്‍കുന്നതാണ് കോഡ് ബ്രൗണ്‍ അലര്‍ട്ട്. ഫെബ്രുവരി പകുതിയോടെ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ പ്രവചനം. ഈ ഘട്ടത്തില്‍ കൂടുതല്‍ നഴ്‌സുമാരുടെ സേവനം വേണ്ടിവരുന്നതിനാല്‍ ശസ്ത്രക്രിയകള്‍ ഉടന്‍ നടത്തരുതെന്ന് നഴ്‌സുമാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26