വിയന്ന:കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചെന്നും ഓസ്ട്രേലിയക്കാരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് മെറ്റയുടെ ഫേസ്ബുക്കിനെതിരെ കോടതിയില്‍ ക്രിമിനല്‍ നടപടികള്‍ക്കു തുടക്കമിട്ട് ഓസ്ട്രേലിയന്‍ ഖനിവ്യവസായി ഡോ.ആന്‍ഡ്ര്യൂ ഫോറസ്റ്റ്. സമൂഹത്തില്‍ വ്യാപിക്കുന്ന ക്രിപ്റ്റോകറന്‍സി നാണയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഓസ്ട്രേലിയയിലെ സാമ്പത്തികതട്ടിപ്പ് വിരുദ്ധ നിയമം ലംഘിച്ചതായും ശതകോടീശ്വരന്‍ ആരോപിക്കുന്നു. ആഗോളതലത്തില്‍ ആദ്യമായാണ് ഫേസ്ബുക്ക് ക്രിമിനല്‍ കേസ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ ഏറ്റവും ധനികനും ഫോര്‍ടെസ്‌ക്യൂ മെറ്റല്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഫോറസ്റ്റ്, ക്രിപ്റ്റോകറന്‍സി സ്‌കീമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ ചിത്രം ഉപയോഗിക്കുന്നതുപോലുള്ള 'ക്ലിക്ക്‌ബെയ്റ്റ്' പരസ്യ തട്ടിപ്പുകളില്‍ ആളുകള്‍ പണം നഷ്ടപ്പെടുന്നത് തടയുകയാണ് തന്റെ അടിയന്തര ലക്ഷ്യമെന്ന് വ്യക്തമാക്കി. തന്റെ ചിത്രം ഉപയോഗിച്ചുള്ള പരസ്യം തടയുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.
എന്നാല്‍ കേസ് സംബന്ധിച്ച് ഫേസ്ബുക്ക് ഉടമകളായ മെറ്റാ പ്രതികരിച്ചിട്ടില്ല. അതേസമയം അത്തരം ആളുകളെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ബാധ്യസ്ഥരാണെന്ന് പ്രതികരിച്ചു. 2019ല്‍ ആദ്യമായി പരസ്യം വന്നപ്പോള്‍ മുതല്‍ അത് തടയുന്നതില്‍ ഫേസ്ബുക്ക് കുറ്റകരമായ അനാസ്ഥ കാണിച്ചതായി ഡോ.ഫോറെസ്റ്റ് പറഞ്ഞിരുന്നു.അഴിമതിക്കാര്‍ തന്റെ ചിത്രം ഉപയോഗിച്ച് വലിയതോതിലുള്ള നിക്ഷേപം പരസ്യത്തിലൂടെ ആകര്‍ഷിച്ചു. ഫേസ്ബുക്ക് അത്തരം പരസ്യം നിരോധിച്ചെങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ പിന്നെയും പ്രത്യക്ഷപ്പെട്ടു. ഇതാണ് ഫോറസ്റ്റിനെ പ്രകോപിപ്പിച്ചത്. തന്റെ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ഇദ്ദേഹം 2019 നവംബറില്‍ തന്നെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നേരിട്ട് പരാതി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയവഴിയുള്ള ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി നിഷ്‌കളങ്കരായ ഓസ്ട്രേലിയക്കാര്‍ ചതിക്കപ്പെട്ടേക്കാമെന്നും ഫോറസ്റ്റ് പറഞ്ഞു.'ഞാന്‍ ഓസ്ട്രേലിയക്കുവേണ്ടിയാണ് പൊരുതുന്നത്.' ലോകത്ത് എല്ലായിടത്തും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 28 മുതല്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ വാദം കേള്‍ക്കും.കേസ് വിജയിച്ചാല്‍ ഫേസ്ബുക്ക് പിഴയൊടുക്കുന്നതിനൊപ്പം പരസ്യം നിര്‍ബന്ധിച്ച് മാറ്റാനുള്ള നടപടിയും കൈക്കൊള്ളേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലും ഡോ.ഫോറസ്റ്റ് സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.