വാഷിങ്ടണ്‍: സിറിയയിലെ യു.എസ് സൈനിക റെയ്ഡിനിടെ ചാവേര്‍ ബോംബ് ആയി കൊല്ലപ്പെട്ട ഐഎസ് മേധാവി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷി എന്ന 'ഹാജി അബ്ദുല്ല' ഭീകര പ്രവര്‍ത്തനത്തിനിടെ തന്നെ ഇറാഖിലെ ന്യൂനപക്ഷ മതവിഭാഗത്തിലെ യസീദി സ്ത്രീകളുടെ അടിമക്കച്ചവട റാക്കറ്റ് സജീവമാക്കി വന്‍ തോതില്‍ പണം കൊയ്തിരുന്നതായി വെളിപ്പെടുത്തല്‍.
2015 മുതല്‍ ഹാജി അബ്ദുല്ലയ്ക്കെതിരെ അന്വേഷണം നടത്തി വരികയാണെന്നും ഇയാള്‍ അടിമക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍, മനുഷ്യാവകാശ ധ്വംസന പ്രവര്‍ത്തനങ്ങള്‍, വംശഹത്യ, മനുഷ്യക്കടത്ത് പോലുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് സിറിയയിലെയും ഇറാഖിലെയും തങ്ങളുടെ അന്വേഷണങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്ന് സര്‍ക്കാരിതര സംഘടന അറിയിച്ചു.
അതേസമയം, അബ്ദുല്ലയുടെ മരണത്തിലേക്ക് നയിച്ച രാത്രി കാല റെയ്ഡ് 'ഏതാണ്ട് കൃത്യമായി പ്ലാന്‍ അനുസരിച്ച്' നടന്നതായി മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളുടെ വൈറ്റ് ഹൗസ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗുര്‍ക്ക് അറിയിച്ചു. ഐഎസിനെ തടയുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ യു.എസ് തുടരുമെന്നും അറിയിച്ചു.ഒരു യു.എസ് ഹെലികോപ്റ്ററിനു ഭാഗിക നാശമുണ്ടായത് ഗൗരവതരമായില്ല. ആറാഴ്ച മുമ്പ് തന്നെ നിര്‍ദ്ദിഷ്ട ദൗത്യത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡനോടു വിശദീകരിച്ചിരുന്നുവെന്നും സിഎന്‍എന്‍ പ്രതിനിധി വിക്ടര്‍ ബ്ലാക്ക്വെല്ലിനോട് മക്ഗുര്‍ക്ക് പറഞ്ഞു.
അബ്ദുല്ലയുടെ മരണത്തെത്തുടര്‍ന്ന് സംഘടനയെ ആര് ഏറ്റെടുത്താലും ഇത് ഐഎസിന് 'ഗുരുതരമായ പ്രഹരമാണ്'- മക്ഗുര്‍ക്ക് അഭിപ്രായപ്പെട്ടു.ആക്രമണങ്ങള്‍ നടത്താനുള്ള ഐഎസിന്റെ കഴിവ് കുറയ്ക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഹാജി അബ്ദുല്ലയുടെ സ്ഥാനത്ത് ആരു വന്നാലും അയാള്‍ക്കും അതേ വിധി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്,' മക്ഗുര്‍ക്ക് പറഞ്ഞു.ഹാജി അബ്ദുല്ലയെക്കൂടാതെ ആറ് കുട്ടികളടക്കം 13 പേര്‍ റെയ്ഡില്‍ കാല്ലപ്പെട്ടു. ദൗത്യസേനാംഗങ്ങളെല്ലാം സുരക്ഷിതരായി യു.എസില്‍ തിരിച്ചെത്തിയതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.
വടക്കന്‍ ഇറാഖിലെ ഖുറൈഷിയുടെ ജന്മനഗരമായ താല്‍ അഫാറിന് സമീപമുള്ള പ്രദേശത്ത്് യസീദി സമൂഹത്തിനു മുന്‍തൂക്കമുണ്ടായിരുന്നു. 2014-ല്‍, ഐസിസ് താല്‍ അഫറും മൊസൂളും പിടിച്ചടക്കിയ ശേഷം, സംഘം ആയിരക്കണക്കിന് യസീദി സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി.ആയിരക്കണക്കിന് യസീദി പുരുഷന്മാരെ കൊലപ്പെടുത്തി.ഖുറൈഷിയുടെ നേതൃത്വത്തില്‍ വംശഹത്യയായിരുന്നു നടന്നതെന്ന് ഐക്യരാഷ്ട്രസഭ കണ്ടെത്തി.
24 കമാന്‍ഡോകളും സുരക്ഷിതര്‍
ഐ.എസ്. തലവനായിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെ യു.എസ്. വധിച്ചതിനു പിന്നാലെയാണ് ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷി സംഘടനയുടെ തലപ്പത്തെത്തിയത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഖുറേഷിയുടെ മൂന്നുനില വീട്ടിലേക്ക് 24 കമാന്‍ഡോകളെയാണു യു.എസ്. അയച്ചത്. ഇരുളിന്റെ മറവില്‍ ഹെലികോപ്റ്ററിലിറങ്ങിയ സൈനികര്‍ വീടുവളഞ്ഞതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
വീട്ടിലുള്ളവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ തിരിച്ചടിക്കു ശ്രമിച്ചു. ഇതിനിടെ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷി ചാവേറായി സ്ഫോടനം നടത്തുകയായിരുന്നെന്നാണ് പെന്റഗണിന്റെ വിശദീകരണം. സ്ഫോടനത്തില്‍ അയാളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
യു.എസ്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്നു പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഏറ്റുമുട്ടലില്‍ സമീപവാസികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പലതവണ സ്ഫോടനശബ്ദം കേട്ടെന്നും വെടിവയ്പ് നടന്നതായും സമീപവാസികള്‍ മാധ്യമങ്ങളോടു പറഞ്ഞു. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടതായി ബ്രിട്ടന്‍ കേന്ദ്രീകരിച്ചുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.അല്‍ ഖ്വയ്ദയുടെ മുതിര്‍ന്ന നേതാക്കള്‍ ഒളിവില്‍ കഴിയുന്ന സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലാണ് ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയും കഴിഞ്ഞിരുന്നത്.
സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാംപുകളുള്ള പ്രദേശമാണിത്. സിറിയയിലെ ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനെ അംഗീകരിക്കാത്ത ഹയാത് തഹിര്‍ അല്‍ ഷമാം ഗ്രൂപ്പിനാണ് ഇവിടെ നിയന്ത്രണം. 2016 ല്‍ അല്‍ ഖ്വയ്ദയില്‍നിന്നു പിളര്‍ന്നുണ്ടായതാണ് ഈ സംഘടന.സിറിയയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി ശക്തി പ്രാപിക്കാന്‍ ഐ.എസ്. ശ്രമിക്കുന്നതിനിടെയാണ് യു.എസിന്റെ തിരിച്ചടി. പ്രദേശത്തെ ഒരു ജയില്‍ പിടിച്ചെടുക്കാന്‍ ഐ.എസ്. ഭീകരര്‍ പത്തു ദിവസത്തോളം വിഫലമായി പോരാടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.