തന്റെ കൂടുതല്‍ സ്വത്തുക്കള്‍ കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കാന്‍ തീരുമാനിച്ച് മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് നേരത്തെ നല്‍കുമെന്ന് അറിയിച്ചിരുന്ന തുക കൂടാതെയാണിത്. അവര്‍ തങ്ങളുടെ ഭൂരിഭാഗം സമ്പത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മൈക്രോ സോഫ്റ്റിന്റെ സഹസ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ബില്‍ഗേറ്റ്സുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി ഏഴു മാസങ്ങള്‍ക്കു ശേഷം തങ്ങളുടെ സ്വത്തുക്കള്‍ ദാനം ചെയ്യുമെന്ന് ഇരുവരും നവംബറില്‍ അറിയിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് തുടക്കമിട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള സംഘടനയാണ് ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍.
പൈവറ്റല്‍ വെഞ്ച്വേഴ്സ് എന്ന പേരില്‍ 2015-ല്‍ മെലിന്‍ഡ സ്വന്തമായി ജീവകാരുണ്യ നിക്ഷേപക സ്ഥാപനത്തിന് തുടക്കം കുറിച്ചിരുന്നു. യു.എസിലെ സ്ത്രീകളും കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബ്ലൂംബെര്‍ഗ് ബില്ല്യണയേഴ്സ് ഇന്‍ഡെക്സ് അനുസരിച്ച് 11.4 ബില്ല്യണ്‍ ഡോളറാണ് മെലിന്‍ഡയുടെ ആസ്തി. ലോകത്തിലെ നാലാമത്തെ സമ്പന്നനാണ് ബില്‍ഗേറ്റ്സ്, 130 ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. തങ്ങളുടെ ശേഷിക്കുന്ന സമ്പത്തിന്റെ ഭൂരിഭാഗവും ഗേറ്റ്സ് ഫൗണ്ടേഷന് നല്‍കുമെന്ന് സംഘടനയുടെ ബോര്‍ഡ് അംഗങ്ങളായ ബില്‍ ഗേറ്റ്സ്, മെലിന്‍ഡ, വാറെന്‍ ബഫറ്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇത് പിന്നീട് തിരുത്തി ഭാവിയിലെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷിക്കുന്നുവെന്ന് പ്രസ്താവന ഇറക്കിയിരുന്നു.
വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം ഗേറ്റ്സ് ഫൗണ്ടേഷന്റെ ബോര്‍ഡില്‍ ബില്‍ഗേറ്റ്സും മെലിന്‍ഡയും മാറ്റം വരുത്തിയിരുന്നു. പുതുതായി നാലു പേരെക്കൂടി കൂട്ടിച്ചേര്‍ത്തതിന് പുറമെ ഭാവിയില്‍ ഒന്‍പത് പേരുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഗേറ്റ്സ് ഫൗണ്ടേഷനില്‍ തുടരാന്‍ കഴിയില്ലെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മെലിന്‍ഡ പടിയിറങ്ങുമെന്ന് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ മെലിന്‍ഡയ്ക്ക് അവരുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ബില്‍ഗേറ്റ്സ് പണം നല്‍കും. ഇതുവരെയും ഇരുവരുടെയും സമ്പത്തിന്റെ ഭൂരിഭാഗവും ഫൗണ്ടേഷനു വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ് തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് നല്‍കുന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് പദ്ധതിയിടുന്നത്.
ലിംഗസമത്വ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 2.1 ബില്ല്യണ്‍ ഡോളറും പോഷകാഹാരത്തിന് വേണ്ടി 900 മില്യണ്‍ ഡോളറും വിനിയോഗിക്കുമെന്നാണ് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.