കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുകയാണ് വാവാ സുരേഷ്. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ പ്രവേശിച്ച വിഷം പൂര്‍ണമായും നീക്കാനായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്ത സുരേഷ് തനിയെ മുറിയില്‍ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. കുറിച്ചിയില്‍ വച്ചു മൂര്‍ഖന്‍ കടിച്ച കാര്യം ഓര്‍ത്തെടുത്ത വാവ സുരേഷ് കാലില്‍ മൂര്‍ഖന്‍ കടിച്ച സ്ഥലവും ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് നിരീക്ഷണമുറിയിലേക്ക് മാറ്റിയ വാവ സുരേഷ് ആദ്യം ചോദിച്ചത് കട്ടന്‍ചായയാണ്. ഞരമ്പ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. എന്നാലും, അല്‍പം ചായ നല്‍കാമെന്നായി ഡോക്ടര്‍. ചായ കഴിച്ചശേഷം ഡോക്ടര്‍മാര്‍ നടന്നതെല്ലാം വിവരിച്ചതോടെ തൊഴുകൈയോടെ വാവ സുരേഷ് കേട്ടിരുന്നു.
വെള്ളിയാഴ്ച ആശുപത്രിയിലെത്തിയ മന്ത്രി വി.എന്‍. വാസവന്‍ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ ചര്‍ച്ചചെയ്തു. അണുബാധ ഒഴിവാക്കാനും കോവിഡ് ചട്ടം നിലനില്‍ക്കുന്നതിനാലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. നിരീക്ഷണമുറിയിലും തുടര്‍ന്ന് പേ വാര്‍ഡിലും വാവ സുരേഷിനെ കാണാന്‍ ആര്‍ക്കും അനുവാദം നല്‍കില്ല.
അപകടസ്ഥലം മുതല്‍ കോട്ടയം മെഡിക്കല്‍ കോളജു വരെ സഹായിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും തന്റെ നന്ദി വാവ സുരേഷ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.