എച്ച്.ഐ.വിയുടെ പുതിയ വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തി; മാരകശേഷി

എച്ച്.ഐ.വിയുടെ പുതിയ വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തി; മാരകശേഷി

വാഷിങ്ടണ്‍: എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്സില്‍ പതിറ്റാണ്ടുകളായി പകരുന്നുവെന്ന കണ്ടെത്തലുമായി ഓക്സ്ഫോര്‍ഡ് ഗവേഷകര്‍. വിബി വേരിയന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറല്‍ കണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അവരില്‍നിന്ന് വൈറസ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വകഭേദം. ഇതിന് രക്തത്തില്‍ മറ്റ് വകഭേദങ്ങളേക്കാള്‍ 3.5 മുതല്‍ 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിധ്യത്തിന് കാരണമാകാന്‍ സാധിക്കും.

1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം. 2000-ല്‍ ഇത് മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വ്യാപിച്ചു. എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേന്മ കൊണ്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ളതാണ് ഈ വകഭേദം. അതേസമയം 2010 മുതല്‍ കേസുകള്‍ കുറയാന്‍ തുടങ്ങിയെന്നും ഗവേഷകര്‍ പറയുന്നു.

109 പേരിലാണ് ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വിബി വകേഭേദം കണ്ടെത്തിയത്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

പുതിയ ഇനം ബാധിച്ചുകഴിഞ്ഞാല്‍ വളരെ വേഗത്തില്‍ അത് മനുഷ്യന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകള്‍ പോലും പ്രതിരോധിക്കാന്‍ മനുഷ്യശരീരത്തിനു കഴിവുണ്ടാകില്ല. അതായത് പുതിയ വകഭേദം ബാധിച്ചാല്‍, മറ്റു വകഭേദങ്ങള്‍ ബാധിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എയ്ഡ്‌സായി വികസിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ബ്രിട്ടീഷുകാരോട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എച്ച്.ഐ.വിയും മറ്റ് എസ്.ടി.ഐകളും പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഏകദേശം ഒരു ലക്ഷത്തോളം ബ്രിട്ടീഷുകാരും 10 ലക്ഷത്തോളം അമേരിക്കന്‍ പൗരന്മാരും എച്ച്.ഐ.വിയുമായി ജീവിക്കുന്നു എന്നാണ് കണക്കുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.