ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഓസ്ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍നിന്നും ഒളികാമറകള്‍ കണ്ടെത്തിയ സംഭവത്തില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. തലസ്ഥാനമായ ബാങ്കോക്കില്‍ സ്ഥിതി ചെയ്യുന്ന, കനത്ത സുരക്ഷയുള്ള സര്‍ക്കാര്‍ കെട്ടിടത്തിലെ ശുചിമുറിയില്‍നിന്നാണ് റോയല്‍ തായ് പോലീസ് ഒളികാമറകള്‍ കണ്ടെത്തിയത്.
ഓസ്ട്രേലിയന്‍, തായ്ലന്‍ഡ് ഇരട്ട പൗരത്വമുള്ള മുന്‍ ജീവനക്കാരനായ ബാങ്ക് തംസോങ്സാനയെയാണ് അറസ്റ്റ് ചെയ്തത്. പ്രതി അടുത്ത കാലം വരെ എംബസിയില്‍ ഐടി സിസ്റ്റംസ് മാനേജരായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഓസ്‌ട്രേലിയയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ട്രേഡ് (ഡി.എഫ്.എ.ടി) സ്ഥിരീകരിച്ചു.
ശുചിമുറിയുടെ തറയില്‍നിന്ന് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ അടങ്ങിയ എസ്ഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷവറുകളിലും ടോയ്ലറ്റുകളിലും ഒന്നിലധികം ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. ക്യാമറകള്‍ സ്ഥാപിച്ചിട്ട് എത്ര നാളായി എന്നതു വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് കേട്ടതു മുതല്‍ എംബസിയിലെ വനിതാ ജീവനക്കാര്‍ വലിയ ഞെട്ടലിലും ആശങ്കയിലുമാണ്. എംബസിയുടെ സുരക്ഷയെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിലാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഓസ്ട്രേലിയയില്‍ താമസിച്ച് പഠിക്കുകയും നിരവധി സര്‍ക്കാര്‍ പദവികള്‍ വഹിക്കുകയും ചെയ്തശേഷം 2013-ലാണ് ഡി.എഫ്.എ.ടിയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സേവനമായ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ ഇയാള്‍ അവകാശപ്പെടുന്നു. അടുത്തിടെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തിരുന്നു.
ബാങ്ക് തംസോങ്സാന
സൈബര്‍ വിദഗ്ധര്‍ കാമറകള്‍ പരിശോധിച്ചു വരികയാണെന്നും വനിതാ പോലീസ് സ്ത്രീകളില്‍നിന്നു മൊഴിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 വര്‍ഷം തടവോ 20,000 ബാറ്റ് (850 ഓസ്‌ട്രേലിയന്‍ ഡോളര്‍) പിഴയോ ലഭിക്കുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 30 വയസുകാരനായ തംസോങ്സാനയെ ഒരു രാത്രി കസ്റ്റഡിയില്‍ വച്ചശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് വിസമ്മതിച്ചു.
ഓസ്ട്രേലിയയുടെ ലോകത്തിലെ ഏറ്റവും വലിയ നയതന്ത്ര ദൗത്യങ്ങളിലൊന്നാണ് ബാങ്കോക്കിലെ ഓസ്ട്രേലിയന്‍ എംബസി. സുരക്ഷാവീഴ്ച ഏറെ ആശങ്കാജനകമാണെന്ന് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ ജെന്നിംഗ്‌സ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.