അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്; മെഡിക്കല്‍ ഫീസില്‍ മാര്‍ഗരേഖ പുറത്തിറക്കി

 അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ്; മെഡിക്കല്‍ ഫീസില്‍ മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: മെഡിക്കല്‍ ഫീസില്‍ മാര്‍ഗരേഖ പുറത്തിറക്കി ദേശീയ മെഡിക്കല്‍ കമീഷന്‍. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും കല്‍പിത മെഡിക്കല്‍ സര്‍വകലാശാലകളിലേയും അമ്പത് ശതമാനം എംബിബിഎസ്, പിജി സീറ്റില്‍ ഗവ. ഫീസേ പാടുള്ളൂ എന്നാണ് ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്. ഇത് നടപ്പായാല്‍ കേരളത്തില്‍ 1200 എംബിബിഎസ് സീറ്റില്‍ കൂടി ഗവ. ഫീസാകും.

ഇതോടെ 19 സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 1150 സീറ്റും കല്‍പ്പിത മെഡിക്കല്‍ സര്‍വകലാശാലയിലെ 50 സീറ്റും മെറിറ്റിലേക്ക് മാറും. ഈ സീറ്റില്‍ 27,580 രൂപയാകും വാര്‍ഷിക ഫീസ്. സ്വാശ്രയ സ്ഥാപനത്തിലെ പകുതി എംബിബിഎസ്, പിജി സീറ്റില്‍ അതത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫീസേ ഈടാക്കാവൂ എന്നാണ് എന്‍എംസി മാര്‍ഗരേഖ. എന്നാല്‍, എന്നുമുതല്‍ ഇത് പ്രാബല്യത്തിലാകുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടില്ല.

അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ബാക്കി പകുതി സീറ്റില്‍ സംസ്ഥാന ഫീ റഗുലേറ്ററി അതോറിറ്റി നിശ്ചയിക്കുന്ന ഫീസ് ഈടാക്കാം. സ്ഥാപനങ്ങളുടെ ചെലവ് കണക്കിലെടുത്ത് ഫീസ് നിശ്ചയിക്കണം. എന്നാല്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാരാണോ പ്രവേശനം നടത്തേണ്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കല്‍പ്പിത സര്‍വകലാശാലകളിലെ 50 ശതമാനം സീറ്റും സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കണം. ഇവിടെയും പ്രവേശനം നിയന്ത്രിക്കേണ്ടത് സര്‍ക്കാരെന്ന് പറഞ്ഞിട്ടില്ല.

ഗവ. ഫീസിന് പുറമേ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റിലെ അമിത ഫീസ് തടയാന്‍ 26 നിര്‍ദേശം പുറത്തിറക്കി. തലവരിപ്പണം പാടില്ല. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കരുത്. ആശുപത്രി നിര്‍മാണം മുതല്‍ അധ്യാപകരുടെ ശമ്പളം വരെയുള്ളവ പ്രവര്‍ത്തനച്ചെലവില്‍ ഉള്‍പ്പെടുത്താം. ഓരോ വര്‍ഷവും വരവ്-ചെലവു കണക്ക് ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കണം. ആശുപത്രിയുടെ ചെലവ് സ്ഥാപനത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തരുത് തുടങ്ങിയവയാണ് ഈ നിര്‍ദേശം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.