പരിമിതമായ സ്ഥലത്ത് മികച്ച അടുക്കളത്തോട്ടം ഒരുക്കാം. ദേശീയ ഉദ്യാനവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെയാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. ഇത് ഉപയോഗിക്കാന്‍ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായം നല്‍കും.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നഗര പരിധിയിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സൂര്യ പ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയില്‍ ചക്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.
പതിനാറ് ചെടിച്ചട്ടികള്‍, നടീല്‍ മാധ്യമം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഐ.ഐ.എച്ച്.ആര്‍ വികസിപ്പിച്ച അര്‍ക്ക പോഷക ലായനിയും പദ്ധതി പ്രകാരം ലഭ്യമാക്കുന്നു. 75 ശതമാനം സബ്സിഡിയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 25 ശതമാനം അതായത് 6000 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം.
മുളക്, കത്തിരിക്ക, തക്കാളി, ബീന്‍സ്, ഫ്രഞ്ച് ബീന്‍സ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 വര്‍ഷം വരെയാണ് ഒരു യൂണിറ്റിന്റെ കാലാവധി. ചെടികള്‍ പരിപാലിക്കാനാവശ്യമായ അര്‍ക്ക പോഷകലായനിയും ജൈവകീടരോഗനിയന്ത്രണ ഉപാധികളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അര്‍ക്ക പോഷക ലായനി അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി ചെടികളില്‍ തളിക്കാം. പച്ചക്കറികള്‍ക്കു പുറമേ പൂച്ചെടികളും ഔഷധച്ചെടികളായ ബ്രഹ്മി, പുതിന, തിപ്പല്ലി, തുളസി തുടങ്ങിയവും ഇതില്‍ വളര്‍ത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2330857.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.