മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ച സംഭവം; മെല്‍ബണിലെ ശ്മശാനത്തില്‍നിന്ന് ഓടിപ്പോയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം

മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ച സംഭവം; മെല്‍ബണിലെ  ശ്മശാനത്തില്‍നിന്ന് ഓടിപ്പോയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലുള്ള ശ്മശാനത്തിലെ കല്ലറകള്‍ തകര്‍ത്ത് മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലീസ്. മോഷണം നടന്ന ഫൂട്ട്സ്‌ക്രേ ജനറല്‍ സെമിത്തേരിയില്‍നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ സംശയാസ്പദമായി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി പോലീസ് അറിയിച്ചു.

നാല് ദിവസത്തിനിടെ സെമിത്തേരിയിലെ രണ്ട് കല്ലറകള്‍ തകര്‍ത്താണ് മൃതദേഹങ്ങളുടെ തലകള്‍ നീക്കം ചെയ്തത്. ഇത് ആസൂത്രിത കുറ്റകൃത്യമെന്ന നിലയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൂന്നാമതൊരു കല്ലറ കൂടി പ്രതികള്‍ തകര്‍ത്തെങ്കിലും അതില്‍ മൃതദേഹം ഉണ്ടായിരുന്നില്ല.

സംഭവത്തിനു ശേഷം പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഒരാള്‍ സ്ഥലത്ത് അസ്വാഭാവികമായി പെരുമാറുന്നത് കണ്ടതായി പോലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സമീപത്ത് പട്രോളിംഗ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വേഗത്തില്‍ എത്തി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

മൃതദേഹങ്ങളുടെ തലകള്‍ മോഷണം പോയ സംഭവം വലിയ ഞെട്ടലോടെയാണ് മെല്‍ബണ്‍ സമൂഹം കേട്ടത്. സാത്താന്‍ സേവയ്ക്കു വേണ്ടിയാണു മോഷണം നടന്നതെന്നാണു നിഗമനം.

മോഷണം നടന്ന കല്ലറകള്‍ക്കു സമീപത്തുനിന്നും സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചില ചിഹ്നങ്ങള്‍ പോലീസ് കണ്ടെടുത്തു. മെഴുകുതിരികളും സാത്താനുള്ള കത്തുകളുമാണ് കണ്ടെടുത്തത്. ഇതോടെ സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി.

പ്രായമായി മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങളാണ് മോഷണത്തിനിരയായത്. ശവപ്പെട്ടികളില്‍നിന്ന് തലയല്ലാതെ മറ്റു വസ്തുക്കളൊന്നും എടുത്തിട്ടില്ല.

കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് പോലീസിനും വലിയ അമ്പരപ്പുണ്ട്. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ സാത്താന്‍ സേവയുമായി കേസിനെ നേരിട്ടു ബന്ധപ്പെടുത്താന്‍ കഴിയാത്തതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ സാത്താന്‍ സേവയുടെ ചിഹ്നങ്ങള്‍ കൊണ്ടിട്ടതാണോ എന്ന സംശയവും ഉയരുന്നുണ്ട്.

സീല്‍ ചെയ്ത ശവപ്പെട്ടികളില്‍ നിന്ന് തല നീക്കാന്‍ പ്രതികള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പോലീസ് ഡിറ്റക്ടീവുകള്‍ വിപുലമായ അന്വേഷണം ആരംഭിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ അഭാവം കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

സംഭവത്തിനു ശേഷം സെമിത്തേരിയില്‍ പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്;

മെല്‍ബണില്‍ ശ്മശാനത്തില്‍നിന്ന് മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ചു; സാത്താന്‍ സേവയ്‌ക്കെന്നു സംശയം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.