കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
കൂട്ടുപ്രതികളായ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, സൂര്യ ഹോട്ടലുടമ ശരത്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥിന്റെ വിധിയില്‍ പറയുന്നു.
പാസ്‌പോര്‍ട്ട് ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം എന്നിവയാണ് പ്രധാന ഉപാധികള്‍. ഹൈക്കോടതി ജാമ്യം നിരസിച്ചാല്‍ ദിലീപിനെ കസ്റ്റഡിയിലെടുക്കാന്‍ അദ്ദേഹത്തിന്റെ ആലുവയിലെ വസതിക്കു സമീപവും ദിലീപ് ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് ചില കേന്ദ്രങ്ങളിലും ക്രൈംബ്രാഞ്ച് രാവിലെ തന്നെ എത്തിയിരുന്നു.
കഴിഞ്ഞ ജനുവരി പത്തിന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇപ്പോള്‍ വിധി വരുന്നത്. കേസില്‍ തലനാരിഴ കീറിയുള്ള വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നടന്നത്.
ഹൈക്കോടതിയില്‍ പ്രതിഭാഗവും പ്രോസിക്യൂഷനും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയ വാദഗതികളുടെ പ്രസക്ത ഭാഗങ്ങള്‍:
ദിലീപിന്റേത് ശാപ വാക്കുകള്‍; എഫ്.ഐ.ആര്‍ എഴുതിയുണ്ടാക്കിയ തിരക്കഥ: പ്രതിഭാഗം
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് പറഞ്ഞത് ശാപ വാക്കുകളാണെന്നും അതിനാല്‍ തന്നെ ദുര്‍ബലമായ എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു തുടക്കം മുതല്‍ പ്രതിഭാഗം അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചിരുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട മൊഴികള്‍ ഈ കേസുമായി ബന്ധിപ്പിക്കാനില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.
ചിലര്‍ ചില കാര്യങ്ങള്‍ സംസാരിച്ചുവെന്ന പേരില്‍ ദിലീപിനെതിരേ വൈരാഗ്യമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ എഫ്.ഐ.ആര്‍ മാത്രമാണിത്. വ്യക്തി വിരോധമാണ് എഫ്.ഐ.ആറിന് പിന്നില്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ചിലര്‍ക്ക് ദിലീപിനോട് വിരോധമുണ്ട്. അതിന്റെ ഭാഗമായാണ് ഈ എഫ്.ഐ.ആറെന്നുമായിരുന്നു രാമന്‍പിള്ള കോടതിയില്‍ ഉയര്‍ത്തിയ വാദഗതികള്‍.
ഭാവനാ സമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആര്‍. അന്വേഷണ ഉദ്യോഗസ്ഥനാണ് തിരക്കഥാകൃത്ത്. ആരെയങ്കിലും ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള സംഭാഷണമല്ല ദിലീപ് നടത്തിയത്. ഉദ്യോഗസ്ഥരെ ട്രക്കിടിച്ചാല്‍ അത് തങ്ങളുടെ തലയിലാകുമെന്ന് പറഞ്ഞ വാക്കുകളാണ് വധ ഗൂഢാലോചനയെന്ന് പറയുന്നത്. മാത്രമല്ല ശബ്ദരേഖയുടെ ആധികാരികതയിലും സംശയമുണ്ട്.
പലപ്പോഴായി പലയിടങ്ങളില്‍നിന്നുള്ള സംഭാഷണ ശകലങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് ശബ്ദരേഖ ഹാജരാക്കിയിരിക്കുന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ദിലീപിന്റേത് വെറും ശാപവാക്കുകളല്ല; പ്രതിയുടെ ചരിത്രവും പരിശോധിക്കണം: പ്രോസിക്യൂഷന്‍
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദം നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ധാരണ പ്രതികള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വസനീയമാണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. മറ്റൊന്നില്‍ ഉദ്യോഗസ്ഥരെ കത്തിക്കണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയില്‍ കൊല്ലണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പ്രതികള്‍ കൂട്ടമായി മാറ്റിയതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഹ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.