പെര്‍ത്ത്: പള്ളിയില്‍ കുര്‍ബാന തടസപ്പെടുത്തി മാസ്‌ക് പരിശോധന നടത്തിയ പോലീസ് നടപടി അത്യന്തം ഖേദകരമാണെന്ന് പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോ. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ മൗണ്ട് ഹത്തോണ്‍ സെന്റ് ബെര്‍ണാഡെറ്റ്‌സ് കത്തോലിക്ക പള്ളിയില്‍ വ്യാഴാഴ്ച്ച രാത്രി നടന്ന സംഭവത്തിലാണ് പ്രതിഷേധമറിയിച്ച് ആര്‍ച്ച് ബിഷപ്പ് രംഗത്തുവന്നത്. സായാഹ്ന ശുശ്രൂഷ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്കെത്തിയത്.
പള്ളിയിലെത്തിയ എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥന്‍ അനുവാദമില്ലാതെ അകത്തേക്കു പ്രവേശിച്ച് പരിശോധന നടത്തിയത്. ഇതിനിടെ കുര്‍ബാന തടസപ്പെടുകയും ചെയ്തു.
സുവിശേഷ പ്രസംഗത്തിനു ശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചത്. മാസ്‌ക് ധരിക്കാത്ത ഇടവകാംഗങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇടവകാംഗമായ മാത്യൂ പറഞ്ഞു. പോലീസ് നടപടി ഒരു സൈനിക ഭരണകൂടത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മാത്യൂ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പൊതുജനാരോഗ്യ ഉത്തരവുകള്‍ പാലിക്കാന്‍ അതിരൂപത പ്രതിജ്ഞാബദ്ധമാണെന്ന് ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ പറഞ്ഞു. എന്നാല്‍ ഉത്തരവുകള്‍ ലംഘിക്കപ്പെടുമ്പോള്‍ നിയമപാലകര്‍ അത് നയപരമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ഥിച്ചു.
പള്ളിക്കുള്ളില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്ന ദൃശ്യം
കത്തോലിക്കാ ആരാധനയില്‍ വിശുദ്ധ കുര്‍ബാന എന്നത് ഏറെ പവിത്രതയോടെ നിര്‍വഹിക്കപ്പെടുന്ന ഒന്നാണ്. ഭാവിയില്‍ ഇത്തരം നിസാരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മറ്റ് വഴികള്‍ കണ്ടെത്തണം. വിഷയത്തില്‍ പോലീസുമായി എല്ലാ രീതിയിലും അതിരൂപത സഹകരിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ പ്രസ്താവനയില്‍ പറഞ്ഞു.
പള്ളിക്കുള്ളില്‍ ചിലര്‍ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് പ്രദേശവാസികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും അഞ്ച് പേര്‍ മാസ്‌ക് ധരിച്ചിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തു. അതില്‍ ഒരാള്‍ക്കു മാത്രമാണ് ഇളവ് ഉണ്ടായിരുന്നത്.
'എല്ലാ കത്തോലിക്കാ ഇടവകകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ കൃത്യമായ നിര്‍ദേശം അതിരൂപതയില്‍നിന്നു നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റല്ലോ അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്:
പെര്‍ത്തിലെ പള്ളിയില്‍ കുര്‍ബാന തടഞ്ഞ് പോലീസിന്റെ മാസ്‌ക് പരിശോധന
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26