ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബിജെപി കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയ 58 മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ യുപിയിലുണ്ട്. ബിജ്നോറില്‍ നടക്കുന്ന പ്രചാരണ റാലിയെ വെര്‍ച്വലായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്യും.
അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കിണഞ്ഞ പരിശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ഷാജഹാന്‍പൂര്‍, ബുലന്ദ്ഷഹാര്‍ ജില്ലകളിലെ പ്രചാരണത്തിനിറങ്ങും. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മഹാരാജ്ഗഞ്ച് ജില്ലയില്‍ പ്രചാരണം നടത്തും. ബിഎസ്പി അധ്യക്ഷ മായാവതി ബറേലിയില്‍ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യും.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹരന്‍പൂര്‍ ജില്ലയിലുണ്ടാകും. ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ രാവണ്‍ ഹാപൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തും.
അതേസമയം ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാര്‍ത്ഥികളുടെ മറ്റൊരു പട്ടിക കൂടി ബിജെപി പുറത്തിറക്കി. ബല്ലിയ ജില്ലയിലെ ബൈരിയ സീറ്റില്‍ നിന്ന് സുരേന്ദ്ര സിംഗ്, സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ലംബുവയില്‍ നിന്നുള്ള ദേവ്മണി ദ്വിവേദി, അമേഠി നിയമസഭാ സീറ്റില്‍ നിന്ന് ഗരിമ സിംഗ് എന്നിവരുള്‍പ്പെടെ നിരവധി സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് തിയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.