വെല്ലിംഗ്ടണ്‍: കാനഡയ്ക്കു പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും പ്രതിരോധ വാക്‌സിനുമെതിരെ ന്യൂസിലന്‍ഡിലും പ്രതിഷേധം. കാനഡയിലെ പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലന്‍ഡ് പാര്‍ലമെന്റിന് സമീപം നൂറുകണക്കിന് കാറുകളും ട്രക്കുകളും ക്യാമ്പര്‍ വാനുകളും മോട്ടോര്‍ ബൈക്കുകളുമായി പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി.
ഗതാഗതം ഉള്‍പ്പെടെ തടഞ്ഞുകൊണ്ടാണ് കോണ്‍വോയ് 2022 എന്ന് പേരിട്ട പ്രതിഷേധം രാജ്യ തലസ്ഥാനത്ത് അരങ്ങേിയത്. സമാധാനപരമായി നടന്ന പ്രകടനത്തില്‍ ഇതുവരെ അറസ്റ്റുകളോ അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
'ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരികെ തരൂ', 'നിര്‍ബന്ധം സമ്മതമല്ല' തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങള്‍ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളില്‍ പാര്‍ക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വെല്ലിംഗ്ടണ്‍ സ്വദേശിയായ സ്റ്റു മെയിന്‍ പറഞ്ഞു. 'ഞാന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്, പക്ഷേ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിന് ഞാന്‍ എതിരാണ്'-അദ്ദേഹം എ.എഫ്.പിയോട് പറഞ്ഞു.
ഭൂരിപക്ഷം ന്യൂസിലന്‍ഡുകാരും സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പ്രോഗ്രാമിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ആവര്‍ത്തിച്ചു. 'ന്യൂസിലന്‍ഡുകാരില്‍ 96 ശതമാനവും വാക്‌സിന്‍ എടുത്തിട്ടുണ്ട്. ഇത് അധിക പരിരക്ഷ നല്‍കിയതിനാല്‍ ഇപ്പോള്‍ കുറച്ച് നിയന്ത്രണങ്ങളോടെ ജീവിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു'-പ്രധാനമന്ത്രി റേഡിയോ ന്യൂസിലന്‍ഡിനോട് പറഞ്ഞു.
ആരോഗ്യം, നിയമപാലനം, വിദ്യാഭ്യാസം, പ്രതിരോധം എന്നിങ്ങനെ ന്യൂസിലന്‍ഡിലെ ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. റസ്റ്റോറന്റുകളിലും സ്പോര്‍ട്സ് പരിപാടികളിലും ആരാധന കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പൊതുഗതാഗതം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്ക് ഇത് ആവശ്യമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.