പാരിസ്: ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനുരഞ്ജനശ്രമങ്ങളുമായി ഫ്രാന്‍സ്. ഇതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. യുദ്ധം ഒഴിവാക്കണമെന്ന് മക്രോണ്‍ പുടിനോട് അഭ്യര്‍ത്ഥിച്ചു. മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ച അഞ്ച് മണിക്കൂറോളം നീണ്ടു. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെന്നും ആശയങ്ങളും നിര്‍ദേശങ്ങളും പരസ്പരം പങ്കുവച്ചതായും വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. ഉക്രെയ്‌നിന്‍ റഷ്യന്‍ അധിനിവേശം ഉണ്ടായേക്കാമെന്ന ആശങ്കകളുടെ പശ്ത്താലത്തിലായിരുന്നു കൂടിക്കാഴ്ച്ച.
ഉക്രെയ്ന്റെ പരമാധികാരത്തിനു നേരെ ഭീഷണി ഉയരാന്‍ പാടില്ല. യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപ രാജ്യങ്ങളെയും ബാധിക്കും. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷാവസ്ഥ ലഘൂകരിക്കണമെന്നും പുടിനുമായുള്ള ചര്‍ച്ചയില്‍ ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പുടിനുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ മേഖലയെ അസ്ഥിരമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാനാണ് മക്രോണ്‍ ലക്ഷ്യമിടുന്നത്. റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ന് മക്രോണ്‍ ഉക്രെയ്‌നിലെത്തി പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായും കൂടിക്കാഴ്ച്ച നടത്തും.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ ഒരുലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചതോടെയാണ് മേഖലയില്‍ യുദ്ധസമാന സാഹചര്യത്തിന് കളമൊരുങ്ങിയത്. ഉക്രെയ്‌നില്‍ അധിനിവേശം നടത്താനാണ് റഷ്യയുടെ നീക്കമെന്ന് യു.എസ് ആരോപിച്ചിരുന്നു. എന്നാല്‍, ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് റഷ്യ നിരവധി തവണ വ്യക്തമാക്കുകയുണ്ടായി.
അതേസമയം, യുദ്ധമുണ്ടായാല്‍ അരലക്ഷം സാധാരണക്കാരുള്‍പ്പെടെ മുക്കാല്‍ ലക്ഷം പേര്‍ക്ക് ജീവഹാനിയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ള അമേരിക്കയുടെ പ്രസ്താവനയ്‌ക്കെതിരെ ഉക്രെയ്ന്‍ രംഗത്തെത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് യുക്രെയ്ന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. നാറ്റോയെ ശക്തിപ്പെടുത്താന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇതിനിടെ പോളണ്ടിലേക്ക് 1,700 സൈനികരെ കൂടി അമേരിക്ക നിയോഗിച്ചു. 300 സൈനികരെ ജര്‍മ്മനിയിലേക്കും അയച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.